കൊച്ചി: കൊവിഡ് സമ്മാനിച്ച ഇടവേളയ്ക്കുശേഷം ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിന്റെ സന്തോഷത്തിലാണ് മഞ്ജുവാര്യർ ഇന്നലെ വൈകിട്ട് സ്വന്തം വാഹനത്തിൽ നോർത്ത് പരമാര റോഡിലെ ലിബ്ര ഹോട്ടലിലേക്ക് വന്നിറങ്ങിയത്. കോർപ്പറേഷൻ ഒരുക്കുന്ന പത്തുരൂപയുടെ ഉച്ചയൂണ് പദ്ധതി ഉദ്ഘാടനം ചെയ്യാനായിരുന്നു ലേഡി സൂപ്പർസ്റ്റാറിന്റെ വരവ്. കേന്ദ്രീകൃത അടുക്കള അവർ നടന്നുകണ്ടു. പദ്ധതിയുടെ അമരക്കാരായ കുടുംബശ്രീ പ്രവർത്തകരെ പരിചയപ്പെട്ടു. പിന്നീട് ഉദ്ഘാടനവേദിയിലേക്ക് കടന്നുവന്നു.

തുച്ഛമായ നിരക്കിൽ നല്ലഭക്ഷണം എത്തിക്കാനുള്ള കോർപ്പറേഷന്റെ സംരംഭത്തെ മഞ്ജു അഭിനന്ദിച്ചു. നഗരത്തിന്റെ സ്നേഹോപഹാരം സ്ഥിരംസമിതി അദ്ധ്യക്ഷ ഷീബാലാലും പ്രൊജക്‌ട് ഓഫീസർ ഡോ.ചിത്ര വി.ആറും ചേർന്ന് നടിക്ക് സമ്മാനിച്ചു. ചടങ്ങുകഴിഞ്ഞ് മടങ്ങുംമുമ്പ് കുടുംബശ്രീ പ്രവർത്തകർക്കൊപ്പംനിന്ന് ഫോട്ടോയ്ക്കും സെൽഫിക്കും പോസ് ചെയ്യാനും താരം സമയംകണ്ടെത്തി.

പത്തുരൂപ ഉൗണ് പദ്ധതി കൊച്ചി മുഴുവൻ വ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായ മേയർ എം. അനിൽകുമാർ പറഞ്ഞു. ഇവിടേക്ക് ആവശ്യമായ പച്ചക്കറിയും പാത്രങ്ങളും എറണാകുളം മാർക്കറ്റിലെ ചുമട്ടുതൊഴിലാളികൾ കുടുംബശ്രീ പ്രവർത്തകർക്ക് കടമായിട്ട് നൽകിയെന്നും മേയർ പറഞ്ഞു.

.കിച്ചനിലേക്ക് 20 ലക്ഷം രൂപ ചെലവ് വരുന്ന സാമഗ്രികൾ മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പിന്റെ സി.എസ്.ആർ ഫണ്ട് ഉപേയോഗിച്ചാണ് തയ്യാറാക്കിയത്. എസ്.സി.എം.എസ് സ്കൂൾ ഒഫ് ആർക്കിടെക്ട് ഹോട്ടൽ രൂപകല്പന ചെയ്തു.
ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ആർ. റെനീഷ്, ടി.കെ. അഷ്‌റഫ്, സുനിത ഡിക്‌സൺ, ജെ. സനിൽമോൻ, പ്രതിപക്ഷനേതാവ് ആന്റണി കുരീത്തറ, മുത്തൂറ്റ് ഗ്രൂപ്പ് എം.ഡി ജോർജ് എം. അലക്‌സാണ്ടർ എന്നിവർ പങ്കെടുത്തു.