തൃക്കാക്കര: ജില്ലാ ആസ്ഥാനമായ കാക്കനാട് എത്തുന്നവർക്ക് ആ ‘ശങ്ക’ തോന്നിയാൽ കുടുങ്ങിയത് തന്നെ. പ്രാഥമികകാര്യങ്ങൾ നിർവഹിക്കാൻ സൗകര്യമില്ലാത്തതാണ് പ്രധാനപ്രശ്നം. സംസ്ഥാനത്തെ ഏറ്റവും വരുമാനമുള്ള നഗരസഭയിലാണ് പൊതുജനങ്ങൾക്ക് ഈ ദുർഗതി. ദിവസവും ആയിരക്കണക്കിന് ആളുകളാണ് കാക്കനാട്ടേക്ക് വിവിധ ആവശ്യങ്ങൾക്കായി എത്തുന്നത്. ഇവിടെ എത്തുന്നവർക്ക് എത്തുന്നവർ പ്രാഥമികസൗകര്യങ്ങളില്ലാത്തതിനാൽ വിഷമിക്കുകയാണ്.
പൊതുശൗചാലയം റെഡി, പക്ഷേ തുറക്കുന്നില്ല
പഴയ പഞ്ചായത്ത് ഭരണസമിതി പണികഴിപ്പിച്ചിരുന്ന പൊതു ശൗചാലയം ശോച്യാവസ്ഥയെത്തുടർന്ന് പുതിയ ഭരണസമിതി കാക്കനാട് കമ്മ്യൂണിറ്റി ഹാളിന് പടിഞ്ഞാറുവശം ലക്ഷങ്ങൾ മുടക്കി തൃക്കാക്കര നഗരസഭയുടെ പൊതു ശൗചാലയം നവീകരിച്ച് ഉദ്ഘാടനം ചെയ്‌തെങ്കിലും ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. കളക്ടറേറ്റ്, ഇൻഫോപാർക്ക്, സ്മാർട്ടി സിറ്റി അടക്കം ഒട്ടേറെ സർക്കാർ, അർദ്ധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ കാക്കനാടുണ്ട്. സ്ത്രീകളാണ് ഏറെ വലയുന്നത്. നഗരസഭാ ബസ് സ്റ്റാൻഡിൽ ബസ് തൊഴിലാളികൾക്കും പൊതുജനങ്ങൾക്കുമായി പൊതുശൗചാലയം തുറന്നെങ്കിലും പിന്നീട് അടച്ചുപൂട്ടുകയായിരുന്നു. ടെൻഡർ ചെയ്യാത്തതാണ് പൊതു ശൗചാലയം തുറന്നുകൊടുക്കാത്തതിന് കാരണമെന്നാണ് അധികൃതരുടെ ഭാഷ്യം.