nagarasabha
മൂവാറ്റുപുഴ നഗരസഭ ഓഫീസിൽ സമ്പൂർണ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കിയതിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി.പി.എൽദോസ് നിർവഹിക്കുന്നു

മൂവാറ്റുപുഴ: ഇ-ഗവേൺസിന്റെ ഭാഗമായി മൂവാറ്റുപുഴ നഗരസഭ ഓഫീസിൽ സമ്പൂർണ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കി. ഇതോടെ എല്ലാത്തരം സേവനങ്ങളും ഓൺലൈൻ വഴി ലഭ്യമാക്കാൻ കഴിയുമെന്ന് ചെയർമാൻ പി.പി. എൽദോസ് പറഞ്ഞു. വിവിധ സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷ നൽകുന്നതിനും നികുതി അടയ്ക്കുന്നതിനും ഓൺലൈൻ പ്രയോജനപ്പെടുത്താം. നഗരസഭ ഓഫീസ് കയറിയിറങ്ങുന്നത് ഒഴിവാക്കാനാകും. പേപ്പർ രഹിത ഓഫീസ് എന്നതാണ് ഡിജിറ്റലൈസേഷനിലൂടെ ലക്ഷ്യമിടുന്നത്. സ്വന്തമായി ഒരു സ്മാർട്ട്ഫോൺ ഉളളവർക്ക് വീട്ടിലിരുന്ന് നഗരസഭ ഓഫീസിലെ ദൈനംദിന കാര്യങ്ങൾ നടത്താനാകും. ജനന മരണ സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ്, കെട്ടിട നിർമ്മാണ പെർമിറ്റ്, സാമൂഹിക സുരക്ഷാ പെൻഷനുള്ള അപേക്ഷകൾ, ഡി ആൻഡ് ഒ ലൈസൻസ്, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് ഓൺലൈൻ വഴി ഇനി അപേക്ഷ സമർപ്പിക്കാം. ഇതിനുപുറമേ വസ്തുനികുതി ഉൾപ്പെടെ വിവിധ ഓഫീസുകൾ ഇ- പെയ്മെന്റായി അടക്കുന്നതിനും സൗകര്യമുണ്ട്. സങ്കേതം സോഫ്റ്റ്‌വെയറാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. ഫോൺ ഇല്ലാത്തവർക്ക് തൊട്ടടുത്ത അക്ഷയ സെന്ററിനെ സമീപിച്ചു സേവനം ഉറപ്പുവരുത്താം. ഡിജിറ്റലൈസേഷന്റെ ഭാഗമായി നഗരസഭയുടെ വിവിധ തലങ്ങളിൽ കമ്പ്യൂട്ടർവത്കരണം പൂർത്തിയാക്കി. ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകളുടെ സഹായത്തോടെ നഗരസഭയുടെ മുൻകാല രേഖകൾ പൂർണമായും കമ്പ്യൂട്ടർ വത്ക്കരിക്കും. ഡിജിറ്റൽ യുഗത്തെ മുന്നിൽ കണ്ടുള്ള പ്രവർത്തനമാണ് പൂർത്തിയാക്കിയത്. വെബ് അധിഷ്ഠിത സേവനങ്ങൾ ലഭ്യമാക്കി ഇ-ഗവേൺസ് യാഥാർത്ഥ്യമാക്കുക എന്ന കൗൺസിലിന്റെ പ്രഖ്യാപിത ലക്ഷ്യമാണ് യാഥാർഥ്യമാക്കിയത്. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജി മുണ്ടാടൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ പി.പി. എൽദോസ് ഡിജിറ്റലൈസേഷൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ രാജശ്രീ രാജു, പി.എം. അബ്ദുൽസലാം, കൗൺസിലർമാരായ കെ.കെ. സുബൈർ, പി. എം. സലിം, ബിന്ദു ജയൻ, സുധാ രഘുനാഥ്, ജിനു ആൻറണി, നെജില ഷാജി, വി.എ. ജാഫർ സാദിഖ്, ഫൗസിയ അലി, ആശ അനിൽ, അമൽ ബാബു, ജോളി മണ്ണൂർ, പി.വി. രാധാകൃഷ്ണൻ, സെക്രട്ടറി എ. മുഹമ്മദ് ആരിഫ് ഖാൻ, എ.ഇ. മൻസൂർ ടി.എ, ആർ.ഒ. മനേഷ് എസ്.എ., സൂപ്രണ്ട് മിനി.പി.എ., ആർ.ഐ. മാരായ ബൽക്കീസ്. വി., എബ്രഹാം ചാക്കോ എന്നിവർ പ്രസംഗിച്ചു.