കൊച്ചി: ഷൊർണൂർ ജംഗ്ഷനിലും കാരക്കാട് യാർഡിലും ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നത്തെയും 15-ാം തീയതികളിലെയും രണ്ടു ട്രെയിനുകളുടെ സർവീസ് ഭാഗികമായി റദ്ദാക്കി. ഇന്ന് കണ്ണൂർ-എറണാകുളം ജംഗ്ഷൻ (ഇന്റർസിറ്റി) സ്പെഷ്യൽ കണ്ണൂരിനു പകരം തൃശൂരിൽ നിന്ന് സർവീസ് ആരംഭിക്കും. ആലപ്പുഴ-കണ്ണൂർ (എക്‌സിക്യൂട്ടീവ്) സ്പെഷ്യൽ ആലപ്പുഴയിൽ നിന്ന് പുറപ്പെട്ട് തൃശൂരിൽ അവസാനിപ്പിക്കും. 15ന് കണ്ണൂർ-എറണാകുളം ഇന്റർസിറ്റി ഷൊർണൂരിൽ നിന്ന് സർവീസ് ആരംഭിക്കും. ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് (06307) ഷൊർണൂരിൽ സർവീസ് അവസാനിപ്പിക്കും. ഗോവ-മഡ്ഗാവ് സെക്ഷനിൽ ട്രാക്ക് ഇരട്ടിപ്പിക്കൽ പ്രവൃത്തികൾ നടക്കുന്നതിനാൽ 9നുള്ള പൂനെ ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ പ്രതിവാര സ്പെഷ്യലും (01197), 11ന് എറണാകുളത്ത് നിന്ന് തിരികെയുള്ള സർവീസും (01198) പൂർണമായി റദ്ദാക്കിയതായും റെയിൽവെ അറിയിച്ചു.