mulavoor
മാലിന്യങ്ങൾ നിറഞ്ഞ് കവിഞ്ഞ് മൂടിപോയ മുളവൂർതോട്

മൂവാറ്റുപുഴ: ഒരു പ്രദേശത്തിന്റെ കുടിവെള്ള സ്രോതസും അനേകായിരങ്ങൾ കുളിക്കുന്നതിനും കൃഷിക്കും ആശ്രയിക്കുന്നതുമായ മുളവൂർ തോട് മാലിന്യം പേറി നാശത്തിന്റെ വക്കിൽ. അശമന്നൂർ പഞ്ചായത്തിലെ മേതലയിൽ നിന്ന് ഉത്ഭവിച്ച് നെല്ലിക്കുഴി പായിപ്ര പഞ്ചായത്തുകളിലൂടെ കടന്ന് മൂവാറ്റുപുഴ നഗരസഭയിലെ മൂവാറ്റുപുഴയാറിൽ അവസാനിക്കുന്നതാണ് മുളവൂർ തോട്. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെയും അനധികൃത കൈയ്യേറ്റത്തിനെതിരെയും നടപടി വേണമെന്ന ആവശ്യം ഉയരുമ്പോഴും പാറമട മാലിന്യം ഒഴുക്കുന്നതിന് പുറമേ അറവുമാലിന്യമടക്കമുള്ള മാലിന്യങ്ങളും പ്ലാസിക് മാലിന്യം ഒഴുകി എത്തി തോട് മാലിന്യവാഹിനിയായി മാറുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ തോടിന്റെ ചെക്ക് ഡാമുകൾ എല്ലാം തന്നെ മാലിന്യങ്ങൾ കുമിഞ്ഞ് കൂടിയിരിക്കുകയാണ്. തോടിന്റെ സംരക്ഷണം ആര് എന്ന തർക്കം തോട് അനധികൃത കൈയ്യേറ്റത്തിനും മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നതിനും കാരണമാകുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമുയരുമ്പോൾ മാലിന്യ നിക്ഷേപത്തിന് അറുതി വരുമെങ്കിലും പ്രതിഷേധം കെട്ടടങ്ങുന്നതോടെ വീണ്ടും മാലിന്യ നിക്ഷേപ കേന്ദ്രമായി തോട് മാറും. മൂവാറ്റുപുഴ ടൗണിൽ മാലിന്യ നിക്ഷേപത്തിനെതിരെ ശക്തമായ നടപടി ആരംഭിച്ചതോടെ ഇവിടെ നിന്നുള്ള മാലിന്യങ്ങൾ വാഹനത്തിലെത്തിച്ച് തോടിലേക്ക് നിക്ഷേപിക്കുന്നതും പതിവായിരിക്കുകയാണ്. പാറമണൽ കഴുകിയ വെള്ളം തോട്ടിലേക്ക് ഒഴുക്കിവിടുന്നതും പതിവായിരിക്കുകയാണ്. ഇതിന് പുറമെ വടമുക്ക് പാലത്തിൽ നിന്നും തോടിലേയ്ക്ക് അറവ് മാലിന്യങ്ങളും കോഴിക്കടകളിൽ നിന്നുമുള്ള വെയ്സ്റ്റും, മീൻ കടകളിൽ നിന്നുള്ള വെയ്സ്റ്റും നിക്ഷേപിക്കൽ പതിവാണ്.

പഞ്ചായത്തിലൂടെ കടന്ന് പോകുന്ന പെരിയാർവാലി കനാലുകളിൽ നിന്നുള്ള വെള്ളം തോടിലേയ്ക്ക് ഒഴുകുന്നതിനാൽ കടുത്ത വേനലിലും തോട് ജലസമൃദ്ധമാണ്.

ഒഴുക്കുന്നത് മലിനജലം

പായിപ്ര, മാനാറി ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ക്രഷറുകളിലും പാറമടകളിൽ നിന്നും മെറ്റലും, മണലും കഴുകുന്ന വെള്ളം തോടിലേയ്ക്ക് തുറന്ന് വിട്ടതോടെയാണ് തോട് മലിനമാകുന്നത്. തോടിൽ കുളിക്കുന്നവർക്ക് ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെടുകയും ചെയ്തു. പായിപ്രയിൽ നിന്ന് ഉത്ഭവിക്കുന്ന കൽചിറ വഴിയാണ് മലിന ജലം തോടിലേയ്ക്ക് ഒഴുകിയെത്തുന്നത്. രാത്രികാലങ്ങളിലാണ് മലിന ജലം ഒഴുക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തോടിലെ വെള്ളത്തിന് നിറംമാറ്റം സംഭവിച്ച് തുടങ്ങിയതോടെയാണ് നാട്ടുകാർ മലിനജലം ഒഴുക്കുന്നത് കണ്ടെത്തിയത്.