കോലഞ്ചേരി: കൊവിഡിൽ മറന്ന തെരുവുനായ പ്രതിരോധം പഞ്ചായത്തുകൾക്ക് വിനയായി. നാടാകെ കീഴ്‌പെടുത്തി തെരുവ് നായ്ക്കൂട്ടം വിലസുകയാണ്. വഴി, വാഹന യാത്രക്കാർക്കു നേരെയും അക്രമം പതിവായി. വളർത്തു മൃഗങ്ങൾക്കും രക്ഷയില്ല. ദിനം പ്രതി തെരുവുനായ്ക്കളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരികയാണ്. ലോക്ക്ഡൗൺ കാലയളവിൽ റോഡുകളും അങ്ങാടികളുമെല്ലാം വിജനമായതോടെ എല്ലായിടത്തും നായ്ക്കളുടെ വിളയാട്ടമായിരുന്നു. ആരും ശ്രദ്ധിക്കാതെ പോയ നായ്ക്കൂട്ടങ്ങൾ പ്രജനനകാലത്തോടെ എണ്ണം ഇരട്ടിയായി. തിരുവാണിയൂർ, പുത്തൻകുരിശ്, കുന്നത്തുനാട് മേഖലകളിൽ തെരുവു നായ്ക്കൾ നാട്ടുകാരേയും, വളർത്തു മൃഗങ്ങളേയും അക്രമിച്ചു. കുന്നത്തുനാട്ടിൽ പട്ടിമറ്റത്ത് പട്ടാപകൽ പോലും നായ്ക്കൾ തീറ്റയെടുക്കാൻ കെട്ടിയിരുന്ന ആടുകളെ കൊന്നൊടുക്കി. അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യങ്ങൾ കാത്തിരിക്കുന്നവരാണ് തെരുവുനായ്ക്കൾ. അറവുമാലിന്യങ്ങൾ ഉൾപ്പെടെ വഴിയിൽ തള്ളുന്നവരുണ്ട്. മാംസാവശിഷ്ടങ്ങൾകഴിച്ച് ശീലിച്ച നായ്ക്കൾ അവ കിട്ടാതാവുമ്പോൾ അക്രമകാരികളാകുന്നു. വളർത്തു മൃഗങ്ങൾക്കുനേരെ തിരിയാനും കോഴികളെ ഓടിച്ചിട്ട് പിടിക്കാനുമൊക്കെ കാരണം ഇതാണ്. ഹോട്ടലുകളിൽനിന്നും മ​റ്റും ഭക്ഷണാവശിഷ്ടങ്ങൾ ധാരാളമായി കിട്ടിയിരുന്നെങ്കിൽ ഇപ്പോൾ അതും കുറവാണ്. വിശപ്പ് സഹിക്കാതാവുമ്പോൾ പല നായ്ക്കളും അക്രമസ്വഭാവം പുറത്തെടുക്കും. അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യത്തിലാണ് ഇപ്പോൾ ഇവയുടെ നോട്ടം. റോഡരികിൽത്തന്നെ ഇവ തള്ളുന്നതിനാൽ നായ്ക്കൾക്ക് മാലിന്യംതേടി അലയേണ്ടകാര്യമില്ല. അറവുമാലിന്യങ്ങളും കോഴിയവശിഷ്ടങ്ങളും ഭക്ഷണാവശിഷ്ടങ്ങളുമെല്ലാം പലരും ഉപേക്ഷിക്കുന്നത് വഴിയോരത്താണ്. ഇവിടെ തെരുവുനായ്ക്കളുടെ പിടിവലിയാണ്. ഈസമയത്ത് ഇതുവഴിയെത്തുന്ന യാത്രക്കാരും ഭയക്കണം. തെരുവ് നായ്ക്കളുടെ ആക്രമണം ഉറപ്പാണ്. റോഡരികിലെ മാലിന്യം അകത്താക്കി റോഡിലേക്കു ചാടുന്നത് ഇരുചക്രവാഹനങ്ങളുടെയും മ​റ്റും മുന്നിലേക്കാവും. വലിയൊരു അപകടത്തിനാവും അത് പലപ്പോഴും കാരണമാകുന്നുണ്ട്.

പരിമിതിയുണ്ടെന്നാണ് അധികൃതർ

തെരുവിൽ നിന്ന് ഭക്ഷണലഭ്യത കുറഞ്ഞതോടെ ഇപ്പോൾ ആളുകളെ കാണുമ്പോൾ നായ്ക്കൾ അക്രമണകാരികളാവുന്ന കാഴ്ചയാണ് എങ്ങും.നായ്ക്കളെ പിടികൂടുന്നതിനും മ​റ്റും നടപടിയുണ്ടാകാത്തതിന് തദ്ദേശ സ്ഥാപന മേധാവികൾക്കും ഒരുപാട് പറയാനുണ്ട്. അനിമൽ ബെർത്ത് കൺട്രോൾ വിഭാഗത്തിന് കൊവിഡിൽ പ്രവർത്തന പരിമിതിയുണ്ടെന്നാണ് അധികൃതർ പറയുന്നത്. മ​റ്റുള്ളവരെപ്പോലെ തന്നെ തെരുവു നായ്ക്കൾ അധികൃതർക്കും ഭീഷണിയാണ്.