പറവൂർ: മൂന്നു പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന തുരുത്തിപ്പുറം – കൂട്ടുകാട് റോഡ് നന്നാക്കാത്തതിൽ പ്രതിഷേധം. വടക്കേക്കര, ചിറ്റാറ്റുകര, ചേന്ദമംഗലം പഞ്ചായത്തുകളുടെ പ്രദേശങ്ങളിലാണ് റോഡുള്ളത്. വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്തുകളുടെ പരിധിയിൽ ടാറിംഗ് നടത്തിയിട്ടുണ്ട്. ചേന്ദമംഗലം പഞ്ചായത്തിന്റെ ഭാഗത്താണ് പൊട്ടിപ്പൊളിഞ്ഞു താറുമാറായി കിടക്കുന്നത്.
കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ മഴപെയ്താൽ വെള്ളക്കെട്ട് രൂക്ഷമാണ്. ഒട്ടേറെ വാഹനങ്ങൾ സഞ്ചരിക്കുന്ന വഴിയാണിത്. ഏറെ പ്രയാസപ്പെട്ടാണ് വാഹനങ്ങൾ ഇതിലൂടെ കൊണ്ടുപോകുന്നത്. റോഡിന്റെ ദുരവസ്ഥ കാരണം ഓട്ടോറിക്ഷക്കാർ പലരും ഇതിലൂടെ ഓട്ടംപോകാൻ തയാറാകുന്നില്ല. ഓടുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകുന്നു.
മഴക്കാലത്ത് കാൽനടയാത്രക്കാർ അഴുക്കുവെള്ളത്തിൽ ചവിട്ടിയാണ് യാത്ര. റോഡ് ടാർ ചെയ്യണമെന്ന് ഏറെനാളുകളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. എത്രയും വേഗം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കാരുണ്യ സർവീസ് സൊസൈറ്റി ചേന്ദമംഗലം പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകി.