pokkali-koithulsavam-
ഏഴിക്കരയിൽ പൊക്കാളി കൊയ്ത്തുത്സവം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: ഏഴിക്കര ഗ്രാമത്തിലെ പൊക്കാളി പാടങ്ങളിൽ കൊയ്ത്തുത്സവം തുടങ്ങി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. വിൻസെന്റ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.പത്മകുമാരി, ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനയ്ക്കൽ, എം.എസ്. രതീഷ്, രമാദേവി ഉണ്ണിക്കൃഷ്ണൻ, ശിവാനന്ദൻ, എ.കെ.മുരളീധരൻ, സി.എം.രാജഗോപാൽ, കെ.എൻ.വിനോദ്, എം.എസ്.ജയചന്ദ്രൻ, സരിത മോഹൻ എന്നിവർ പങ്കെടുത്തു.

പൊക്കാളി കൃഷിയുടെ വീണ്ടെടുപ്പിനായി പഞ്ചായത്തും കൃഷിവകുപ്പും ശ്രമങ്ങൾ നടത്തിവരികയാണ്. പഞ്ചായത്തിലെ നാല് പാടശേഖരങ്ങളിലായി 150 ഹെക്ടറിൽ ഇക്കുറി കൃഷിയിറക്കി. 4500 കിലോഗ്രാം നെൽവിത്ത് സംഭരിച്ച് സൗജന്യ നിരക്കിൽ കർഷകർക്ക് നൽകി. പുറമേനിന്ന് വിത്തു വാങ്ങിയവർക്ക് ധനസഹായം ലഭ്യമാക്കി. മുൻ വർഷങ്ങളെക്കാൾ കൂടുതൽ സ്ഥലത്ത് ഇത്തവണ പൊക്കാളി കൃഷി വ്യാപിപ്പിക്കാൻ കഴിഞ്ഞു.

ഉയർന്ന പ്രതിരോധശേഷിയും പോഷക, ഔഷധ മൂല്യവുമുള്ള നാടൻ വിത്തിനങ്ങളായ പൊക്കാളി കുതിർ, ചെട്ടിവിരിപ്പ് എന്നിവ കൂടാതെ ലവണാംശത്തെ അതിജീവിച്ച് വളാരാൻ കഴിയുന്ന ഏഴോം - 3, വൈറ്റില നെല്ല് ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത 8, 10 എന്നീ നെല്ലിനങ്ങളാണ് വിതച്ചത്. പൊക്കാളി കൃഷിക്കായി വിവിധ പദ്ധതികൾ ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളുടെ സഹായത്തോടെ നടപ്പാക്കുന്നുണ്ട്.

കേരള ലാൻഡ് ഡവലപ്മെന്റ് കോർപ്പറേഷൻ, പൊക്കാളിനില വികസന ഏജൻസി എന്നിവയുടെ സഹായത്തോടെ പുറം ബണ്ട് നിർമിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും വാർക്ക തൂമ്പുകൾ നിർമിക്കുന്നതിനും പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.