പെരുമ്പാവൂർ: എ.എം.റോഡിലും അനുബന്ധ ചെറുറോഡുകളിലും വഴി വിളക്കുകൾ തെളിയാത്തതും റോഡരികിലെ തിങ്ങിയ കാടും മരങ്ങളും ജനജീവിതത്തിന് ഭീഷണിയാകുന്നു. കാൽനടയാത്രക്കാരെയാണ് ഇത് ഏറെ ബുദ്ധിമുട്ടിലാക്കുന്നത്. വാഹനങ്ങൾ വരുമ്പോഴും മറ്റും കയറി നിൽക്കാൻ കഴിയാത്ത തരത്തിൽ കാട് കയറിയ നിലയിലാണ്. ചെറുകുന്നത്ത് വാഹനാപകടത്തിൽ കഴിഞ്ഞ ദിവസം വൃദ്ധൻ മരണപ്പെട്ടത് ഇത് മൂലമായിരുന്നു. ചെറുകുന്നം ഭാഗത്ത് റോഡിന്റെ ഇരുവശത്തും കാട് കയറിയതിനാൽ അമിത വേഗതയിൽ വാഹനങ്ങൾ വരുന്നത് കണ്ട് കാൽ നടയാത്രക്കാർക്ക് ടാറിംഗ് റോഡിൽ നിന്ന് സൈഡിലേക്ക് മാറി നടക്കാനാവാത്ത അവസ്ഥയാണ് ഉള്ളത്. തൊഴിലുറപ്പ് തൊഴിലാളികൾക്ക് പഞ്ചായത്ത് തൊഴിൽ നൽകാത്തതിനാലാണ് കാട് വെട്ടി നശിപ്പിക്കാതിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. വാഹനങ്ങൾ ഏറ്റവും കൂടുതൽ കടന്നുപോകുന്ന എ.എം റോഡിന് വശത്തായി കാടുകൾ അടിയന്തിരമായി വെട്ടി നശിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വഴിയോരങ്ങളിലെ വഴിവിളക്കുകൾ തെളിയാത്തതും അപകടങ്ങൾക്ക് കാരണമാകുന്നതായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. സായാഹ്ന നടത്തത്തിനിറങ്ങിയ വായ്ക്കാട്ട് വീട്ടിൽ നാരായണൻ നായർ എന്ന വ്യാപാരിയാണ് ഒടുവിലായി ഇവിടെ വാഹനാപകടത്തിൽ മരണപ്പെട്ടത്.