കൊച്ചി: കൊല്ലത്തെ അഷ്ടമുടിക്കായലിന്റെ മലിനീകരണത്തിന് പരിഹാരം കാണാൻ സ്വമേധയാ പരിഗണിക്കുന്ന ഹർജിയിൽ ഹൈക്കോടതി കൊല്ലം ജില്ലാ പഞ്ചായത്ത്, കൊല്ലം നഗരസഭ, കെ.എസ്.ആർ.ടി.സി, ഗതാഗതവകുപ്പ് സെക്രട്ടറി എന്നിവരെ കക്ഷി ചേർത്തു. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കായൽ മലിനീകരണം തടയാൻ കർശന നടപടികൾ വേണമെന്നും ഇതിനൊപ്പം ബോധവത്കരണ പരിപാടി അനിവാര്യമാണെന്നും കേരള ലീഗൽ സർവീസ് അതോറിറ്റി (കെൽസ) സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കൊല്ലം നഗരസഭയുടെ ഉടമസ്ഥതയിലുള്ള കശാപ്പ്ശാലയിൽ നിന്നുള്ള മലിനജലം കായലിലേക്കാണ് ഒഴുക്കുന്നതെന്നും മലിനജല ശുദ്ധീകരണ പ്ളാന്റുകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ടാക്കിയെങ്കിലും തുടർ നടപടിയുണ്ടായില്ലെന്നും കെൽസ ചൂണ്ടിക്കാട്ടി. മാലിന്യത്തിന്റെ സ്രോതസ് കണ്ടെത്താൻ കൊല്ലം ടി.കെ.എം എൻജിനീയറിംഗ് കോളേജിന്റെ സഹകരണത്തോടെ മലിനീകരണ നിയന്ത്രണ ബോർഡ് സർവേ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്നാണ് നഗരസഭയടക്കമുള്ളവരെ ഹർജിയിൽ കക്ഷി ചേർത്തത്.