കൊച്ചി: ചോർ, കൂട്ടിന് സാമ്പാർ അല്ലെങ്കിൽ ഒഴിച്ചുകറി, തൊട്ടുകൂട്ടാൻ അച്ചാറും തോരനും, വില പത്തു രൂപ!. കീശ ചോരാതെ വയറുനിറയ്‌ക്കാൻ 'സമൃദ്ധി @ കൊച്ചി" എന്ന പേരിൽ കൊച്ചി കോർപറേഷൻ തുടങ്ങിയ ജനകീയ ഹോട്ടലിന് കൈയടിക്കുകയാണ് മലയാളി. എറണാകുളം നോർത്ത് പരമാര റോഡിൽ കോർപറേഷന്റെ കെട്ടിടത്തിൽ ജനകീയ ഹോട്ടൽ നടി മഞ്ജുവാര്യർ നാടിന് സമർപ്പിച്ചു.

ഒരാളുടെ വിശപ്പടക്കുകയെന്നത് ഏറ്റവും പുണ്യമാണെന്ന് മഞ്ജു പറഞ്ഞു. തുച്ഛമായ നിരക്കിൽ നിലവാരമുള്ള ഭക്ഷണം നൽകാൻ കഴിയുന്ന സംരംഭത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് നന്മയുണ്ടാകുമെന്നും അവർ ആശംസിച്ചു. സ്ത്രീകൾക്ക് പ്രചോദനമായ മഞ്ജുവാര്യർ തന്നെ പദ്ധതി ഉദ്ഘാടനം ചെയ്താൽ മതിയെന്ന് താൻ നിർബന്ധം പിടിച്ചെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞപ്പോൾ മഞ്ജു എഴുന്നേറ്റു നിന്ന് കൈകൂപ്പി.

കോർപറേഷൻ ബഡ്ജറ്റിൽ പ്രഖ്യാപിച്ച 'വിശപ്പ് രഹിത കൊച്ചി" എന്ന ആശയത്തിന്റെ ഭാഗമായാണ് 5000 പേർക്ക് ഭക്ഷണം തയ്യാറാക്കാക്കുന്ന ആധുനിക സംവിധാനങ്ങളോടെയുള്ള കേന്ദ്രീകൃത കിച്ചൻ തയ്യാറാക്കിയത്. തുടക്കത്തിൽ 1500 പേർക്ക് ഭക്ഷണമുണ്ടാക്കും. 14 കുടുംബശ്രീ വനിതകളാണ് കിച്ചന് പിന്നിൽ. അത്താഴവും പ്രാതലും ഉടൻ ആരംഭിക്കും.

ഹോട്ടലിന്റെ പ്രത്യേകതകൾ

 32 പേർക്ക് ഇരിപ്പിടം

 20 പേർക്ക് നിന്നുകഴിക്കാം

 ഊണ് സമയം: ഉച്ചയ്ക്ക് 12 മുതൽ 3 വരെ

 പാഴ്സലിന് 5 രൂപ അധികം

 പരിസ്ഥിതി സൗഹൃദ പാക്കിംഗ്

 ആവിയിൽ പാചകം, എല്ലാം യന്ത്രവത്കൃതം

 പ്രഭാതഭക്ഷണം ഇഡ്ഡലി, സാമ്പാർ അല്ലെങ്കിൽ ഉപ്പുമാവ്

 അത്താഴത്തിന് ചപ്പാത്തിയും കറിയും