കൊച്ചി: നഗരത്തിലെ സർക്കാർ ഭൂമിയിൽ നിൽക്കുന്ന മരങ്ങളുടെ സെൻസസ് നാലു മാസത്തിനകം പൂർത്തിയാക്കി ഇവ സംരക്ഷിക്കാൻ കൊച്ചി നഗരസഭ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു . എം.ജി റോഡിൽ സെൻട്രൽ മാളിനു സമീപത്തെ സർക്കാർ ഭൂമിയിൽ നിന്ന് 2018 ൽ മാവും ആഞ്ഞിലിയും മുറിച്ചു കടത്തിയ സംഭവത്തെത്തുടർന്ന് അയ്യപ്പൻകാവ് സ്വദേശി ജെയ് ജോർജ്ജ് നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി.പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. വനേതരഭൂമിയിൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതു പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിയമപ്രകാരം മരങ്ങൾ സംരക്ഷിക്കാനാണ് ഉത്തരവിൽ പറയുന്നത്. 2018 ജൂൺ 18 നു രാത്രിയിലാണ് നഗരത്തിൽ നിന്ന് മരങ്ങൾ വെട്ടിക്കടത്തിയത്. ഇതു തടയാൻ ശ്രമിച്ച തെരുവു കച്ചവടക്കാരെ സംഘം ഭീഷണിപ്പെടുത്തിയിരുന്നു. എറണാകുളം സെൻട്രൽ പൊലീസിൽ വിവരം അറിയിച്ചെങ്കിലും മരം മുറിക്കുന്നതു തടയാൻ നടപടിയുണ്ടായില്ലെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും നഗരത്തിലെ മരങ്ങൾ സംരക്ഷിക്കാൻ നിർദ്ദേശിക്കണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം. അതേസമയം മരങ്ങൾ മുറിച്ചു കടത്തിയ കേസിൽ നഗരസഭാ സെക്രട്ടറിയുടെ പരാതിയിൽ അഞ്ചുപേർക്കെതിരെ കോടതിയിൽ കുറ്റപത്രം നൽകിയെന്ന് സർക്കാർ വിശദീകരിച്ചു.