കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിന്റെ ആഡംബര കാറുകളിൽ പലതും രേഖകളില്ലാത്തവയെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്.

പഴയകാറുകൾ രൂപമാറ്റം വരുത്തി ആഡംബര ബ്രാൻഡ് പേരുകൾ പതിപ്പിച്ചതായും ആർ.ടി.ഒക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

മോൻസണിന്റെ കലൂരിലെ വീട്ടിലെ എട്ടു കാറുകളാണ് പരിശോധിച്ചത്. ഹരിയാനയിൽ രജിസ്റ്റർ ചെയ്ത ഡോഡ്‌ജ് ഗ്രാൻഡ് മോൻസണിന്റെ പേരിലാണെങ്കിലും വിലാസം വ്യക്തമല്ല. നികുതി കാലാവധി ഉൾപ്പെടെ അവസാനിച്ച കാറാണിത്. മുംബയിലെ പ്രശസ്ത ഡിസൈനർ ദിലീപ് ഛബ്രിയ രൂപമാറ്റം വരുത്തിയ ഫെറാറി മുദ്ര പതിപ്പിച്ച വാഹനത്തിനും അനുമതിയില്ല.

ലക്സസ്, റേഞ്ച് റോവർ, ടൊയോട്ട എസ്റ്റിം കാറുകളുടെ രേഖകൾ പരിവാഹൻ വെബ്സൈറ്റിലില്ല. പോർഷെ മുദ്ര പതിപ്പിച്ച കാർ മിറ്റ്സുബിഷി മിഡിയ മോഡലാണ്.

തമിഴ്നാട് രജിസ്ട്രേഷനുള്ള മെഴ്സിഡസ് ബെൻസ് കാറിൽ പോർഷെയുടെ മുദ്ര‌യും വ്യത്യസ്തമായ നിറവുമാണുള്ളത്. താക്കോൽ ലഭിക്കാത്തതിനാൽ ഇത് വിശദമായി പരിശോധിക്കാൻ കഴിഞ്ഞില്ല.

കാറുകളുടെ ചേസിസ്, എൻജിൻ നമ്പരുകൾ എന്നിവ ഒത്തുനോക്കിയാലേ ആധികാരികത ഉറപ്പാക്കാൻ കഴിയൂ. ഓടിക്കാൻ കഴിയാത്ത മോശം അവസ്ഥയിലാണ് വാഹനങ്ങളെന്നും റിപ്പോർട്ടിലുണ്ട്.

രണ്ട് ആനക്കൊമ്പ് തടി

മോൻസണിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ രണ്ട് ആനക്കൊമ്പുകൾ തടിയിൽ നിർമ്മിച്ചതാണെന്ന് വനം വകുപ്പ്. രണ്ടെണ്ണം ആനക്കൊമ്പുകൾ തന്നെയാണോയെന്നറിയാൻ തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിക്ക് കൈമാറി.

യഥാർത്ഥ കൊമ്പിന്റെ വലിപ്പവും ഭാരവുമുള്ളവയാണ് വീട്ടിൽ നിന്ന് പിടിച്ചെടുത്തത്. ക്ളോക്കിനോട് ചേർന്ന് സ്ഥാപിച്ചിരുന്ന കൊമ്പുകളാണ് വ്യാജം. ഇവ തടിയിൽ നിർമ്മിച്ചതാണെന്ന് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജിയോ ബേസിൽ പോൾ പറഞ്ഞു.