കൊച്ചി: രാജ്യത്ത് കർഷകസമരം നടത്തുന്ന ഇടനിലക്കാരുടെ ബലത്തിൽ ഉത്തർപ്രദേശ് പിടിക്കാമെന്ന വ്യാമോഹത്തിലാണ് രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധിയുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു.
പ്രാധാന മന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് അങ്കമാലി നിയോജക മണ്ഡലത്തിലെ ആശംസ പോസ്റ്റ് കാർഡ് അയക്കൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കർഷകരുടെ പേരിൽ ദില്ലിയിൽ സമരം ചെയ്യാൻ പോയ കർഷകസംഘത്തിന്റെ നേതാക്കൾ കേരളത്തിലെ കർഷകരെ പറ്റി മിണ്ടുന്നില്ല. പച്ചക്കറി, നെല്ല്, നാളീകേരം തുടങ്ങി കേരളത്തിലെ ഏത് കർഷകർക്കാണ് സർക്കാർ താങ്ങുവില നൽകുന്നത്? എല്ലാ തട്ടിപ്പുകാർക്കും ഓശാന പാടുന്നവരാണ് മോദിക്കെതിരെ സമരം ചെയ്യുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം നഗരസഭയിൽ നികുതി പണം പോലും സി.പി.എമ്മിന്റെ നേതൃത്വത്തിൽ തട്ടിയെടുക്കുകയാണ്. കള്ളക്കടത്തുകാർക്കും സ്വർണ്ണക്കടത്തുകാർക്കും പുരാവസ്തു തട്ടിപ്പുകാർക്കും മാത്രമേ കേരളത്തിൽ രക്ഷയുള്ളൂവെന്നും സുരേന്ദ്രൻ പറഞ്ഞു.
സേവാസമർപ്പൺ അഭിയാനോടനുബന്ധിച്ച് പെരുമ്പാവൂർ മണ്ഡലത്തിലെ അശമന്നൂർ പഞ്ചായത്ത് ഓഫീസിന്റെയും ജനസേവാ കേന്ദ്രത്തിന്റെയും ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
പെരുമ്പാവൂരിൽ ബി.ജെ.പി നിർമിച്ചു നൽകുന്ന വീടിന്റെ കുറ്റിയടിക്കൽ, കുന്നത്ത്നാട് മണ്ഡലത്തിൽ നാഷണൽ ഹെൽത്ത് വോളണ്ടിയർ വാഹനം ഫ്ലാഗ്ഓഫ്, വീൽ ചെയർ വിതരണം, കോതമംഗലത്ത് വീൽ ചെയർ, ഫലവൃക്ഷത്തെ വിതരണം എന്നിവയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴയിൽ നദീവന്ദനം ചടങ്ങിലും പങ്കെടുത്തു.