കൊച്ചി: ആലുവ- മൂന്നാർ റോഡ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നാലുവരി പാതയാക്കുന്നതിനുള്ള പദ്ധതി വിഭാവനം ചെയ്തതായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. നിലവിൽ റോഡിന്റെ പല ഭാഗങ്ങളും തകർന്ന് സഞ്ചാരയോഗ്യമല്ലാതായി കിടക്കുകയാണ്. ഇതുമൂലം നിരവധി അപകടങ്ങൾ ഉണ്ടാകുന്നുവെന്നും ചൂണ്ടിക്കാട്ടി ആന്റണി ജോൺ എം.എൽ.എ ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് നിയമസഭയിൽ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സ്റ്റേറ്റ് ഹൈവേ ആയിട്ടുള്ള ആലുവ- മൂന്നാർ റോഡ് ആലുവ നിയോജക മണ്ഡലത്തിൽ നിന്നാരംഭിച്ച് കുന്നത്തുനാട്, പെരുമ്പാവൂർ മണ്ഡലങ്ങളിലൂടെ കോതമംഗലം നിയോജകമണ്ഡലത്തിൽ അവസാനിക്കുന്നു. മൂന്നാർ, തേക്കടി അടക്കമുള്ള ഇടുക്കി ജില്ലയിലെ വിവിധ വിനോദ സഞ്ചാര മേഖലകളിലേക്കായുള്ള ടൂറിസ്റ്റുകൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ യാത്രചെയ്യുന്ന റോഡിന്റെ വികസന പ്രവർത്തനങ്ങൾക്ക് മുന്നോടിയായി നിലവിലെ രണ്ടുവരിപ്പാത ബി.എം.ബി.സി നിലവാരത്തിൽ അടിയന്തരമായി സഞ്ചാരയോഗ്യമാക്കുന്നതിനുള്ളട നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ആലുവ മുതൽ കോതമംഗലം വരെ 35.26 കി.മീ ദൂരത്തിൽ 12 മീറ്റർ റോയിലുള്ള റോഡിന്റെ നിർമ്മാണത്തിനായി 135 കോടി രൂപയുടെ ഡി.പി.ആർ കിഫ്ബിയിൽ സമർപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് വേഗത്തിൽ നടന്നുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.
അടിയന്തര നവീകരണ പ്രവർത്തനങ്ങൾക്ക് 22.41 കോടി രൂപയുടെ എസ്റ്റിമേറ്റ് കിഫ്ബിയിൽ സമർപ്പിച്ചിട്ടുണ്ട്.