ayyappan
അയ്യപ്പൻ മാഷ്

മുളന്തുരുത്തി: മനക്കാഴ്ച കൊണ്ട് അന്ധതയെ തോല്പിച്ച് ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന അയ്യപ്പൻ മാഷ് വിടവാങ്ങി. മുളന്തുരുത്തി ഗവ: ഹൈസ്കൂളിലെ റിട്ടയേർഡ് അദ്ധ്യാപകൻ മുളന്തുരുത്തി അമ്മോലിക്കൽ വീട്ടിൽ അയ്യപ്പൻ മാഷ് (68) ഇന്നലെ ഉച്ചയ്ക്കാണ് മരണമടഞ്ഞത്. ചെറുപ്പത്തിലെ തന്നെ കാഴ്ചയില്ലാതിരുന്ന ഇദ്ദേഹം ഊരമനയിലെ അന്ധവിദ്യാലയത്തിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് മഹാരാജാസ് കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദവും തിരുവനന്തപുരം ലാ കോളേജിൽ നിന്നും നിയമബിരുദവും കരസ്ഥമാക്കി. തുടർന്ന് കണ്ണൂരിലെ ഒരു സ്കൂളിൽ അദ്ധ്യാപകനായി ജോലി ലഭിച്ചു. കുറെ വർഷങ്ങൾക്കു ശേഷമാണ് ജന്മനാടായ മുളന്തുരുത്തിയിലെ ഹൈസ്കൂളിൽ ചരിത്രാ അദ്ധ്യാപകനായി എത്തിയത്. പാഠപുസ്തകങ്ങൾ സുഹൃത്തുക്കളെ കൊണ്ട് വായിച്ചു കേട്ടു മന:പാഠമാക്കുകയാണ് പതിവ്. കുട്ടികളെ ശബ്ദത്തിലൂടെ തിരിച്ചറിഞ്ഞ് ഇരിക്കുന്ന സ്ഥാനം വരെ അദ്ദേഹം മനസിലാക്കി വയ്ക്കും. കുട്ടികളുടെ സഹായത്താലാണ് സ്കൂകൂളിലേക്ക് വരുന്നതും തിരിച്ചു പോകുന്നതും. വിരമിച്ച ശേഷവും നിത്യവും നഗരത്തിലെത്തുന്ന മാഷിന് വലിയൊരു സൗഹൃദവലയവും ഉണ്ടായിരുന്നു.