കുറുപ്പംപടി: പെരിയാർവാലി കനാലുകളുടെ ശുചീകരണം അടിയന്തരമായി പൂർത്തിയാക്കുന്നതിന് തീരുമാനിച്ചു. പെരിയാർവാലി കനാലുകളുടെ ശുചീകരണവുമായി ബന്ധപ്പെട്ട് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.
കാടുകയറി കിടക്കുന്ന പെരിയാർവാലി കനാലുകൾ ശുചീകരിക്കണമെന്നും ക്ലീനിംഗ് ജോലികളുടെ കാലതാമസം മൂലം എല്ലാ പ്രാവശ്യവും വെള്ളം തുറന്നു വിടുന്നത് വൈകുന്നത് പതിവാണെന്നും ശുചീകരണ പ്രവർത്തനങ്ങൾ നേരത്തെ നടത്തുന്നതിന് കനാലുകൾ നന്നാകാൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് അവസരം കൊടുക്കുവാൻ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി കേരളകൗമുദി കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
നവംബർ 15ന് എസ്റ്റിമേറ്റ് തയ്യാറാക്കി പ്രവർത്തികൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കുന്നതിന് യോഗം തീരുമാനിച്ചു. ഇതോടൊപ്പം മൈനർ ഇറിഗേഷൻ കനാലുകളും ശുചീകരിക്കും. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോളിന്റെ അദ്ധ്യക്ഷതയിൽ പെരിയാർവാലി ഉദ്യോഗസ്ഥർ പഞ്ചായത്ത് പ്രസിഡന്റുമാർ സെക്രട്ടറിമാർ എന്നിവയുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. യോഗം എൽദോസ് കുന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്,പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.പി.അജയകുമാർ, പി.പി.അവറാച്ചൻ, മനോജ് തോട്ടപ്പിള്ളി,ഷിജി ഷാജി, മിനി ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എൻ.എം.സലിം, സി.ജെ.ബാബു, അനു അബീഷ്, എ. റ്റി.അജിത് കുമാർ, ഡെയ്സി ജെയിംസ്, അംബിക മുരളീധരൻ,എം.കെ.രാജേഷ്,ഷോജാ റോയ്, ലതാഞ്ജലി മുരുകൻ, ബീന ഗോപിനാഥ് , പി.ആർ.നാരായണൻ നായർ, സെക്രട്ടറി റഹീമ .വി.വി എന്നിവർ പങ്കെടുത്തു.