pic

കോതമംഗലം : പാലമറ്റം ചിക്കോട് കൃഷിയുടെ ആത്മാവ് തൊട്ടറിഞ്ഞ ഒരു ജൈവ കർഷകൻ ഉണ്ട്. തന്റെ കൃഷിയിടം ഒരു കൊച്ചു ഏദൻ തോട്ടമാക്കിമാറ്റിയിരിക്കുകയാണ് പരുന്തുംകുഴി മാത്യു പി.ജേക്കബ് എന്ന റോയ് ചേട്ടൻ. ഒന്നര ഏക്കർ സ്ഥലത്ത് സമ്മിശ്ര കൃഷിയിലൂടെ പുത്തൻ വിജഗാഥാ രചിക്കുന്നതിനോടൊപ്പം കൃഷിയുടെ നല്ല പാഠവും പകർന്ന് നൽകുകയാണ് ഇദ്ദേഹം.പച്ചക്കറി, പഴ ഫല വർഗ്ഗങ്ങൾ ഉൾപ്പെടെ 30ൽ പരം ഇനങ്ങളാണ് റോയിയുടെ കൃഷി തോട്ടത്തിൽ ഉള്ളത്. അവയിൽ സാധാരണക്കാരന് കേട്ടു പരിചയം ഇല്ലാത്ത വിദേശ പഴങ്ങളും ഉണ്ട്. അവയിൽ സായിപ്പിന്റെ ഇഷ്ട്ട പഴമായ റോളിനിയ പഴമാണ് വ്യത്യസ്തൻ . തെക്കൻ അമേരിക്ക, ബ്രസീൽ, അർജന്റീന, പെറു തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപകമായി കണ്ടു വരുന്ന റോളിനിയ ഇപ്പോൾ കേരളത്തിലും ഫലവൃക്ഷ തോട്ടങ്ങളിൽ ഇടം പിടിച്ചു തുടങ്ങിയിട്ടുണ്ട്.

പല ഇനം റോളിനിയകൾ ഉണ്ടെങ്കിലും 'റോളിനിയ ഡെലികോസ്സ' എന്നറിയപ്പെടുന്ന ഇനമാണ് കേരളത്തിൽ കൂടുതലായി കണ്ടുവരുന്നതെന്ന് റോയി ചേട്ടൻ പറയുന്നു . റോളിനിയക്ക് പുറമെ ഡ്രാഗൺ ഫ്രൂട്ട്, റംബുട്ടാൻ, മാങ്കോയ്സ്റ്റിൻ, മിറാക്കിൾ ഫ്രൂട്ട്, വൈറ്റ് ഞാവൽ, ബ്ലാക്ക് ഞാവൽ, അവക്കാടോ, ലിച്ചി എന്നി പഴവർഗ്ഗങ്ങളും കൃഷി ചെയ്യുന്നുണ്ട് ഇദ്ദേഹം. ഇതിനു പുറമെ കൂർക്ക, മഞ്ഞൾ, തേൻ, വെണ്ട, തണ്ണിമത്തൻ, പച്ചമുളക്, വിവിധ ഇനം വാഴകൾ, മാവ്, പ്ലാവ് എന്നിവയും കൃഷിയിടത്തിൽ ഉണ്ട്.

മണ്ണിന്റെ ആത്മാവ് തൊട്ടറിഞ്ഞാണ് ഇദ്ദേഹത്തിന്റെ കൃഷി രീതി. തീർത്തും ജൈവ വള പ്രയോഗം. അതിനായി ചാണകം, പച്ചില, കടല കൊപ്ര, എല്ലു പൊടി, വേപ്പിൻ പിണ്ണാക്ക്, പുകയില, കാന്താരി ഇവ ഉപയോഗിച്ച് വളം തയാറാക്കുന്നു. കൃഷിയോടൊപ്പം സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങളിലും മുൻ പന്തിയിൽ തന്നെയുണ്ട് ഇദ്ദേഹം. പാലിയേറ്റിവ് കെയർ വോളിന്റീർ കൂടിയാണ്‌. കൃഷിയിൽ ഭാര്യ ബീനക്കും മക്കളായ ജേക്കബിനും നിക്കിക്കും കുര്യനും ഇദ്ദേഹത്തെ പോലെ താത്പര്യമുണ്ട്. ജോലി, പഠനത്തിരക്കുകൾക്കിടയിൽ ഇവരും കൃഷിയിൽ ഇദ്ദേഹത്തെ സഹായിക്കാനെത്താറുണ്ട്.