കോലഞ്ചേരി: കൊവിഡും അതിനെ തുടർന്നുണ്ടായ ലോക്ക് ഡൗണും ചതിച്ചതോടെ മരച്ചീനി വില വൻതോതിൽ താഴ്ന്നത് കർഷകർക്ക് തിരിച്ചടിയാകുന്നു. കിലോയ്‌ക്ക് 10 രൂപയ്‌ക്കാണ് ഇപ്പോൾ കർഷകർ കപ്പ വിൽക്കുന്നത്. വലിയ പ്രതീക്ഷകളോടെ വിളയിച്ചെടുത്ത കപ്പയ‌്ക്ക് വില ലഭിക്കാതായതോടെ കർഷകരുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാണ്. രണ്ട് ഘട്ടമായി വന്ന ലോക്ക് ഡൗണുകളിൽ വീട്ടിലിരുന്ന പലരും നേരം പോക്കിന് കണ്ടെത്തിയ മാർഗങ്ങളിലൊന്നായിരുന്ന കപ്പ കൃഷി. നിരവധി സംഘടനകളും ക്ലബുകളും കൃഷിയിലേക്കിറങ്ങുകയും ചെയ്തു. ഇതോടെ വിപണിയിൽ കപ്പ ക്രമാതീതമായി എത്തിയതോടെ വില കിലോയ്‌ക്ക് 10 രൂപയെന്ന നിലയിലേക്ക് താഴ്ന്നു. മരച്ചീനി ചേർത്തുള്ള ആഹാര വിഭവങ്ങളധികവും ഹോട്ടലുകളിലും കള്ളുഷാപ്പുകളിലും തട്ടുകടകളിലുമാണ് വിറ്റഴിയുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ ഇവ തുറക്കാൻ വൈകിയതോടെ മൂപ്പെത്തിയ കപ്പ കിട്ടിയ വിലയ്‌ക്ക് വിറ്റഴിക്കുകയാണ് കർഷകർ ചെയ്യുന്നത്.
ജൂലായ്, ആഗസ്റ്റ്, സെപ്തംബർ മാസത്തിലാണ് കപ്പ വ്യാപകമായി വിളവെടുക്കുന്നത്. പറിച്ചെടുക്കുന്ന കപ്പ വാങ്ങാനാളില്ലെന്ന വാദമുയർത്തി ഇടനിലക്കാർ കർഷകരിൽ നിന്ന് കുറഞ്ഞ വിലയ്‌ക്കാണ് വാങ്ങുന്നത്. ഏപ്രിൽ, മേയ് മാസങ്ങളിൽ കപ്പ വരവ് കുറവായിരുന്നതിനാൽ കിലോയ്‌ക്ക് 30 രൂപയ്‌ക്ക് വരെ വിറ്റിരുന്നു. എന്നാൽ മാർക്കറ്റിൽ കപ്പ സുലഭമാണെന്ന് ചൂണ്ടിക്കാട്ടി കർഷകർക്ക് 5 മുതൽ 6 രൂപ വരെയാണ് കർഷകർക്ക് നൽകുന്നത്. ഏറെ പ്രതീക്ഷ നൽകുന്ന വിളവെടുപ്പിൽ വിലത്തകർച്ച കർഷകർക്ക് ഇരട്ട പ്രഹരമാണ്. പരമ്പരാഗത കപ്പ കർഷകർ സ്വന്തം ഭൂമിയിൽ കൃഷി ഇറക്കുന്നത് കൂടാതെ സ്ഥലം പാട്ടത്തിനെടുത്തും തറവാടക നൽകിയുമാണ് കൃഷി ഇറക്കിയത്. കൃഷിയിറക്കുന്നതിന്റെ മൂന്നിലൊന്ന് സ്ഥലയുടമകൾക്ക് നൽകുകയാണ് പതിവ്. ഇല്ലെങ്കിൽ പതിനായിരം മുതൽ 20,000 രൂപവരെ നൽകണം. പണിക്കൂലിയും ചെലവും ഉൾപ്പടെ നോക്കുമ്പോൾ കിലോയ്‌ക്ക് 25 രൂപയെങ്കിലും കിട്ടിയില്ലെങ്കിൽ ഇവരുടെ അദ്ധ്വാനം ഫലമില്ലാതെയാകും.
മഴയും ചതിച്ചു
കാലം തെറ്റിയുള്ള മഴ, വെള്ളം കയറാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ കൃഷിയിറക്കിയവരെ ബാധിച്ചു. ഉടൻ വിളവെടുത്തില്ലെങ്കിൽ വെള്ളം കയറി കപ്പ ചീഞ്ഞു പോകുന്ന അവസ്ഥയുണ്ടാകും. ശക്തമായ ഒരു മഴയോ കാറ്റോ മതി ഇവരുടെ അദ്ധ്വാനം പാഴാകാൻ. 20 രൂപയെങ്കിലും കിലോയ്‌ക്ക് കിട്ടാൻ സഹാചര്യമൊരുക്കുകയോ മരച്ചീനിക്ക് സർക്കാർ സബ്‌സിഡി നൽകുകയോ വേണമെന്നാണ് ഇവരുടെ ആവശ്യം.
കപ്പയ്‌ക്ക് കുറഞ്ഞത് കിലോയ്‌ക്ക് 25രൂപ കിട്ടണം. കൊവിഡ് കാലത്ത് കപ്പ കൂടുതൽ കൃഷി ചെയ്തിരിക്കുന്നതിനാൽ അടുത്ത വർഷത്തെ വിളവെടുപ്പാകുമ്പോൾ വില ഇനിയും കുറയും
പി.വൈ.തമ്പി, കർഷകൻ, വലമ്പൂർ