സമകാലിക ഇന്ത്യയിൽ ഏറ്റവും വിജയിച്ച രാഷ്ട്രീയ നേതാവാണ് നരേന്ദ്രമോദി. വിജയം പോലെ പിന്തുടരുന്ന മറ്റൊന്നില്ലെന്ന വചനം അദ്ദേഹത്തോളം അന്വർത്ഥമാക്കിയ മറ്റൊരാളില്ല. നരേന്ദ്ര ദാമോദർദാസ് മോദി അധികാരക്കസേരയിൽ 20 വർഷം പൂർത്തീകരിച്ചു.
2001 ഒക്ടോബർ ഏഴിന് ഗുജറാത്ത് മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുമ്പോൾ സംസ്ഥാനത്തിനു പുറത്ത് അധികമൊന്നും അറിയപ്പെടുന്ന നേതാവായിരുന്നില്ല അദ്ദേഹം. മുമ്പൊരിക്കലും നിയമസഭാംഗവും പാർലമെന്റംഗവുമായിരുന്നില്ല. ഒരു പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഭരണപരിചയം പോലുമുണ്ടായിരുന്നില്ല. ഗുജറാത്ത് ബി.ജെ.പിയിലെ മുടിചൂടാമന്നനായിരുന്ന കേശുഭായ് പട്ടേൽ 2001 ജനുവരി 26 ലെ കച്ച് ഭൂകമ്പത്തിനുശേഷം പ്രതിഛായ മങ്ങിയ അവസ്ഥയിലായിരുന്നു. തുടർന്നുനടന്ന ചില ഉപതിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി സ്ഥാനാർത്ഥികൾ പരാജയപ്പെടുകയും ചെയ്തു. ആ സാഹചര്യത്തിലാണ് പാർട്ടിയുടെ കേന്ദ്രനേതൃത്വം മുഖ്യമന്ത്രിയെ മാറ്റാൻ തീരുമാനിച്ചത്. ഒട്ടും സന്തോഷത്തോടെയല്ല കേശുഭായ് പടിയിറങ്ങിയത്. പാർട്ടി സംഘടനയിൽ അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ടായിരുന്നു. അതിലുപരി പ്രബലമായ പട്ടേൽ സമുദായത്തിന്റെ അചഞ്ചലമായ പിന്തുണയുമുണ്ടായിരുന്നു. 1995 ഒക്ടോബറിൽ ഇതുപോലെ കേശുഭായിക്ക് മുഖ്യമന്ത്രി സ്ഥാനമൊഴിയേണ്ടി വന്നതാണ്. അന്ന് സുരേഷ് മേത്തയാണ് പകരക്കാരനായത്. മേത്തയ്ക്ക് ഗുജറാത്ത് രാഷ്ട്രീയത്തിൽ മേൽവിലാസം ഉറപ്പിക്കാൻ കഴിഞ്ഞില്ല. നരേന്ദ്രമോദിയും മറ്റൊരു മേത്തയായി തീരുമെന്നാണ് കേശുഭായിയും അനുയായികളും കരുതിയത്. ദേശീയ തലത്തിലാണെങ്കിൽ ബി.ജെ.പിക്ക് വളരെ ശക്തമായ രണ്ടാംനിര നേതൃത്വമുണ്ടായിരുന്നു. ഗോപിനാഥ് മുണ്ടേ, പ്രമോദ് മഹാജൻ, രാജ്നാഥ് സിംഗ്, സുഷമ സ്വരാജ്, അരുൺ ജയ്റ്റ്ലി, ശിവരാജ്സിംഗ് ചൗഹാൻ, ഡോ. രമൺസിംഗ് എന്നിങ്ങനെ ഭാവിയിൽ വാജ്പേയിക്കും അദ്വാനിക്കും ജോഷിക്കും പകരക്കാരായി തീരാൻ പറ്റിയ ഒരുപാടു നേതാക്കളുണ്ടായിരുന്നു. അവരുടെയൊക്കെ തലയ്ക്കു മുകളിൽ നരേന്ദ്രമോദി ബി.ജെ.പിയുടെ ഏറ്റവും പ്രധാന നേതാവും ഇന്ത്യൻ പ്രധാനമന്ത്രിയുമായി തീരുമെന്ന് ആർക്കും സങ്കല്പിക്കാൻ പോലും കഴിയുമായിരുന്നില്ല.
2002 ഫെബ്രുവരി 24 ന് രാജ്കോട്ടിൽ നിന്ന് മോദി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 27 -ാം തീയതി ഗോധ്രയിൽ സബർമതി എക്സ്പ്രസ് തീവെച്ച സംഭവമുണ്ടായി. 60 ഒാളം പേർ വെന്തുമരിച്ചു. തുടർന്ന് വർഗീയകലാപം പൊട്ടിപ്പുറപ്പെട്ടു. നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് ലഹള പടർന്നുപിടിച്ചു. സർക്കാരിന്റെ കണക്കനുസരിച്ച് ആയിരത്തിലധികം പേർ കൊല്ലപ്പെട്ടു. അനൗദ്യോഗിക കണക്കുകൾ പ്രകാരം മരണസംഖ്യ രണ്ടായിരത്തോളമെത്തി. കോടിക്കണക്കിന് രൂപയുടെ വസ്തുവകകൾ നശിപ്പിക്കപ്പെട്ടു. ഗുജറാത്ത് ലഹള രാജ്യത്തിനകത്തും പുറത്തും വലിയ പ്രകമ്പനം സൃഷ്ടിച്ചു. പ്രധാനമന്ത്രി വാജ്പേയി അസ്വസ്ഥനായി. നരേന്ദ്രമോദിയുടെ ദിനങ്ങൾ എണ്ണപ്പെട്ടുവെന്ന് പാർട്ടിക്കകത്തും പുറത്തുമുള്ള അദ്ദേഹത്തിന്റെ ശത്രുക്കൾ വിശ്വസിച്ചു. എന്നാൽ സംഭവിച്ചത് മറിച്ചാണ്. 2002 ഏപ്രിലിൽ ഗോവയിൽ ചേർന്ന ബി.ജെ.പിയുടെ ദേശീയ നിർവാഹക സമിതി മോദിക്ക് ഒരവസരം കൂടി നൽകാൻ തീരുമാനിച്ചു. അതോടെ നരേന്ദ്രമോദി ഗുജറാത്ത് കലാപത്തിന്റെ രാഷ്ട്രീയ ഉത്തരവാദിത്വം ഏറെക്കുറേ ഏറ്റെടുത്തു. ഹിന്ദു ഹൃദയസമ്രാട്ടെന്ന് പ്രകീർത്തിക്കപ്പെട്ടു. അങ്ങേയറ്റം പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തി. സംസ്ഥാനത്തെ സാമുദായിക ധ്രുവീകരണം മുതലെടുത്ത് ഉടൻ നിയമസഭാ തിരഞ്ഞെടുപ്പു നടത്തി അധികാരത്തിൽ തിരിച്ചുവരാൻ തീരുമാനിച്ചു. 2002 ജൂലായ് 19 ന് ഗുജറാത്ത് നിയമസഭ പിരിച്ചുവിട്ടു. എന്നാൽ ഉടൻ തിരഞ്ഞെടുപ്പു നടത്താൻ ഇലക്ഷൻ കമ്മിഷൻ തയ്യാറായില്ല. അപ്പോൾ മോദി മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണർ ജെ.എം. ലിങ്ദോയെ സമുദായം പറഞ്ഞുപോലും ആക്ഷേപിച്ചു. ഡിസംബർ മാസം വരെ തിരഞ്ഞെടുപ്പു നീട്ടിക്കൊണ്ടുപോയെങ്കിലും ബി.ജെ.പിയുടെ തിരിച്ചുവരവ് തടയാൻ ഇലക്ഷൻ കമ്മിഷനു കഴിഞ്ഞില്ല. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ നരേന്ദ്രമോദി വീണ്ടും അധികാരത്തിലേറി. ഗുജറാത്തിലെ ബി.ജെ.പിയുടെ മഹാവിജയം ഇന്ത്യൻ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മൗലിക സ്വഭാവത്തെക്കുറിച്ചു തന്നെ ആശങ്കകൾ ഉയർത്തി. അമേരിക്കയും ബ്രിട്ടനുമടക്കമുള്ള രാജ്യങ്ങൾ നരേന്ദ്രമോദിക്ക് വിസ നിഷേധിക്കുന്നതുവരെയെത്തി കാര്യങ്ങൾ. ഗുജറാത്ത് കലാപവും മോദിയുടെ തിരിച്ചുവരവും രാജ്യത്തിനകത്തും പുറത്തും ഗുരുതരമായ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. ന്യൂനപക്ഷ സമുദായങ്ങൾ കടുത്ത ആശങ്കയിലമർന്നു. 2004 ഏപ്രിൽ- മേയ് മാസങ്ങളിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നയിച്ച ദേശീയ ജനാധിപത്യ സഖ്യത്തിന് അധികാരം നഷ്ടപ്പെട്ടു. കോൺഗ്രസിന്റെ നേതൃത്വത്തിൽ യു.പി.എ സർക്കാരുണ്ടായി. ഡോ. മൻമോഹൻസിംഗ് പ്രധാനമന്ത്രിയായി. പത്തുവർഷം ആ സർക്കാർ നിലനിന്നു. എന്നാൽ ഗുജറാത്തിൽ മോദി പ്രാഭവത്തിന് മങ്ങലുണ്ടായില്ല.
2007 ഡിസംബറിൽ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തി. 182 അംഗ നിയമസഭയിൽ 122 സ്ഥാനങ്ങൾ വിജയിച്ചു. നരേന്ദ്രമോദി വീണ്ടും മുഖ്യമന്ത്രിയായി. പിന്നീടദ്ദേഹം വികസന നായകനായി അറിയപ്പെട്ടു. രാജ്യത്തെ വ്യവസായികളും ഇതര മൂലധന ശക്തികളും അദ്ദേഹത്തെ പ്രകീർത്തിക്കാൻ തുടങ്ങി. 2009 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ യു.പി.എ വിജയം ആവർത്തിച്ചു. തിളക്കം നഷ്ടപ്പെട്ട എൽ.കെ. അദ്വാനി ലോക്സഭയിലെ പ്രതിപക്ഷ നേതൃത്വം സുഷമ സ്വരാജിനു കൈമാറി. 2012 ഡിസംബറിൽ ഗുജറാത്തിൽ വീണ്ടും തിരഞ്ഞെടുപ്പു നടന്നു. 115 സീറ്റോടെ ബി.ജെ.പി വിജയം ആവർത്തിച്ചു. അതോടെ മോദിയുടെ താരമൂല്യം ആകാശത്തോളം ഉയർന്നു. 'ഗർവീ ഗുജറാത്ത്' ഒരു ബ്രാൻഡായി മാറി. ബി.ജെ.പിക്ക് കരുത്തുറ്റ പുതുനേതൃത്വം ആവശ്യമാണെന്ന് നാഗ്പൂരിലെ ആർ.എസ്.എസ് ബുദ്ധികേന്ദ്രങ്ങൾ തിരിച്ചറിഞ്ഞു. അങ്ങനെ 2013 സെപ്തംബറിൽ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നരേന്ദ്രമോദി അവതരിച്ചു.
ദേശീയ രാഷ്ട്രീയത്തിലേക്കുള്ള നരേന്ദ്രമോദിയുടെ ചുവടുമാറ്റം സ്വാഭാവികമായും വലിയ കോളിളക്കമുണ്ടാക്കി. ഗുജറാത്ത് വംശഹത്യയുടെ സൂത്രധാരനായ ഇദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കി അവതരിപ്പിച്ചതിന് ബി.ജെ.പി നേതൃത്വം പഴികേട്ടു. എൻ.ഡി.എ ഘടകകക്ഷിയായ ജനതാദൾ (യുണൈറ്റഡ്) പ്രതിഷേധ സൂചകമായി മുന്നണി വിട്ടു. ബീഹാർ മന്ത്രിസഭയിൽ നിന്ന് ബി.ജെ.പി പ്രതിനിധികളെ ഒഴിവാക്കി നിതീഷ് കുമാർ ചിരകാല വൈരികളായ രാഷ്ട്രീയ ജനതാദളുമായി കൈകോർത്തു. രാജ്യത്തെ മതേതരവാദികളും പുരോഗമന ചിന്താഗതിക്കാരും ബുദ്ധിജീവികളും മോദിയെ ഒറ്റക്കെട്ടായി എതിർത്തു. നരേന്ദ്രമോദി ഇന്ത്യൻ പ്രധാനമന്ത്രിയാകുന്ന പക്ഷം രാജ്യം വിട്ടുപോകുമെന്നു വരെ പലരും ശപഥം ചെയ്തു. എന്നാൽ രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ ബി.ജെ.പിക്കും മോദിക്കും വളരെ അനുകൂലമായിരുന്നു. പത്തുകൊല്ലം നീണ്ട യു.പി.എ ഭരണത്തിൽ അഴിമതിയും കെടുകാര്യസ്ഥതയും വ്യാപകമായിരുന്നു. അണ്ണാഹസാരെ നടത്തിയ നിരാഹാര സത്യാഗ്രഹവും ആം ആദ്മി പാർട്ടിയുടെ ആവിർഭാവവും ആത്യന്തികമായി ബി.ജെ.പിക്കാണ് ഗുണം ചെയ്തത്. മൂലധന ശക്തികളുടെയും മാദ്ധ്യമങ്ങളുടെയും അതിശക്തമായ പിന്തുണ മോദിക്ക് ലഭിച്ചു. അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ, അധികവും നഗരവാസികൾ മോദി വലിയ അത്ഭുതം പ്രവർത്തിക്കുമെന്ന് പ്രതീക്ഷിച്ചു. യു.പി.എയിലെ ശൈഥില്യവും ഇടതുപക്ഷ പാർട്ടികളുടെ ദീർഘദൃഷ്ടിയില്ലാത്ത നിലപാടും കൂടിയായപ്പോൾ ബി.ജെ.പിയുടെ വിജയം സുനിശ്ചിതമായി. ഡോ. മൻമോഹൻസിംഗ് കോൺഗ്രസ് നേതൃത്വം ഒഴിഞ്ഞു. ആ ഉത്തരവാദിത്തം ഒൗപചാരികമായി ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി തയ്യാറായുമില്ല. കാര്യങ്ങൾ വളരെ എളുപ്പത്തിൽ കലാശിച്ചു. ദേശീയ ജനാധിപത്യ സഖ്യം കേവല ഭൂരിപക്ഷത്തിനു വേണ്ടതിനെക്കാൾ അധികം സീറ്റുകൾ നേടി. ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടി. എൽ.കെ. അദ്വാനിയും മുരളീ മനോഹർ ജോഷിയും ജസ്വന്ത് സിംഗും യശ്വന്ത് സിൻഹയും അരുൺ ഷൂറിയും അടക്കമുള്ള പഴയ പടക്കുതിരകൾ ഒറ്റദിവസം കൊണ്ട് അപ്രസക്തരായി. 2014 മേയ് 26 ന് നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ദേശീയ ജനാധിപത്യ സഖ്യമെന്ന ബാനർ നിലനിറുത്തിയെങ്കിലും ഘടകകക്ഷികൾക്ക് പ്രാധാന്യം നന്നേ കുറഞ്ഞു. ശിരോമണി അകാലിദളും ശിവസേനയും തെലുങ്കുദേശവുമൊക്കെ കാഴ്ചക്കാർ മാത്രമായി. സുഷമ സ്വരാജും അരുൺ ജയ്റ്റ്ലിയും രാജ്നാഥ് സിംഗും നിതിൻ ഗഡ്ഗരിയും മന്ത്രിസഭയിലുണ്ടായിരുന്നെങ്കിലും യഥാർത്ഥ അധികാരകേന്ദ്രം നരേന്ദ്രമോദി മാത്രമായിരുന്നു. അദ്ദേഹത്തിന്റെ വിശ്വസ്ത സചിവനായ അമിത് ഷാ പാർട്ടി അദ്ധ്യക്ഷ സ്ഥാനത്ത് അവരോധിക്കപ്പെട്ടു. അതോടെ പാർട്ടിയുടെയും സർക്കാരിന്റെയും കടിഞ്ഞാൺ മോദി - ഷാ ടീമിന്റെ കൈയിലൊതുങ്ങി.
1987 നുശേഷം അതാദ്യമായാണ് കേന്ദ്രത്തിൽ ഒരു കക്ഷിക്ക് കേവല ഭൂരിപക്ഷം ലഭിച്ചത്. ഉറച്ച സർക്കാരുണ്ടാക്കാനും ഉറപ്പുള്ള തീരുമാനങ്ങൾ കൈക്കൊള്ളാനും മോദിക്ക് സാധിച്ചു. രാജ്യസഭയിൽ ഭൂരിപക്ഷം ഉണ്ടായിരുന്നില്ലെങ്കിലും ബിജു ജനതാദൾ, തെലുങ്കാന രാഷ്ട്ര സമിതി, അണ്ണാ ഡി.എം.കെ മുതലായ പ്രാദേശിക കക്ഷികളെ വരുതിയിൽ നിറുത്തി ആവശ്യമായ നിയമ നിർമ്മാണങ്ങൾ പാസാക്കിയെടുക്കാൻ കേന്ദ്രസർക്കാരിന് സാധിച്ചു. പ്ളാനിംഗ് കമ്മിഷൻ പിരിച്ചുവിട്ട് നീതി ആയോഗ് കൊണ്ടുവരാനും യാതൊരു മുന്നറിയിപ്പുമില്ലാതെ 1000 ന്റെയും 500 ന്റെയും നോട്ടുകൾ പിൻവലിക്കാനും ദൂരവ്യാപകമായ സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പിൽ വരുത്താനും 1991 - 96 കാലത്ത് നരസിംഹറാവു തുടങ്ങിവച്ച സ്വകാര്യവത്കരണം ഉൗർജ്ജിതമാക്കാനും മോദിക്ക് സാധിച്ചു. അതുവഴി ബി.ജെ.പിക്ക് പിന്തുണ നൽകുന്ന മൂലധന ശക്തികളുടെ താത്പര്യങ്ങൾ സംരക്ഷിച്ചു. പാർട്ടി ഖജനാവ് നിറഞ്ഞു കവിഞ്ഞു. വലിയ സാമ്പത്തിക ശക്തിയും നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവവും മുൻനിറുത്തി സംസ്ഥാനങ്ങളിലും ബി.ജെ.പി വലിയ മുന്നേറ്റമുണ്ടാക്കി. മുമ്പൊരിക്കലും മേൽവിലാസമില്ലാതിരുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പോലും സർക്കാർ രൂപീകരിച്ചു. ആസാമും ത്രിപുരയും ഉദാഹരണങ്ങൾ. 2017 ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വെന്നിക്കൊടി പാറിച്ചതോടെ മോദിയെ പിടിച്ചാൽ കിട്ടില്ലെന്ന നിലയിലെത്തി. പ്രതിപക്ഷ പാർട്ടികളുടെ അനൈക്യവും കോൺഗ്രസിലെ നേതൃരാഹിത്യവും പുൽവാമ ഭീകരാക്രമണം സൃഷ്ടിച്ച തീവ്രദേശീയ വികാരവും മുൻനിറുത്തി 2019 ലും നരേന്ദ്രമോദി കേന്ദ്രത്തിൽ അധികാരം നിലനിറുത്തി. അതോടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മേൽവിലാസം നഷ്ടപ്പെട്ടു. എ.ഐ.സി.സി പ്രസിഡന്റ് പദം രാജിവെച്ചു പോയ രാഹുൽഗാന്ധി തിരിച്ചു വന്നിട്ടില്ല. പി. ചിദംബരത്തിന്റെ അറസ്റ്റും 105 ദിവസം നീണ്ട ജയിൽവാസവും മറ്റു നേതാക്കളെ ഭയചകിതരാക്കി. മൻമോഹൻസിംഗും എ.കെ. ആന്റണിയും ഒഴികെ മിക്ക മുൻമന്ത്രിമാർക്കും ഉറക്കമില്ലാതായി. ഇടതുപക്ഷം ഇന്ത്യൻ രാഷ്ട്രീയത്തിൽ മിക്കവാറും അപ്രസക്തമായെന്ന് തിരഞ്ഞെടുപ്പുഫലം തെളിയിച്ചു. പ്രാദേശിക കക്ഷികൾ ബി.ജെ.പിയോടും മോദിയോടും കൂടുതൽ വിധേയത്വം പ്രകടിപ്പിക്കുന്നു. അങ്ങനെയൊരു സാഹചര്യത്തിലാണ് ജമ്മു കാശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയത്. മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നടപ്പാക്കാൻ സർക്കാരിന് സാധിച്ചതും അതുകൊണ്ടാണ്. അയോദ്ധ്യാ കേസിലെ സുപ്രീംകോടതി വിധിയും വെറുതേ ഉണ്ടായതല്ല. മുത്തലാഖ് നിരോധനമാണെങ്കിലും പൗരത്വനിയമ ഭേദഗതിയാണെങ്കിലും പുതിയ കാർഷിക - തൊഴിൽ നിയമങ്ങളാണെങ്കിലും സർക്കാരിന്റെ അജണ്ട വ്യക്തമാക്കുന്നവയാണ്. ഭരണഘടനാ സ്ഥാപനങ്ങൾ പോലും മോദി പ്രഭാവത്തിനു മുന്നിൽ വിറങ്ങലിച്ചു നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. സുപ്രീംകോടതി, തിരഞ്ഞെടുപ്പു കമ്മിഷൻ, കംപ്ട്രോളർ ആൻഡ് ആഡിറ്റർ ജനറൽ, കേന്ദ്ര വിജിലൻസ് കമ്മിഷൻ ഇവയൊന്നും ഇൗ സാമാന്യ നിയമത്തിന് അപവാദമല്ല. അങ്ങനെ രാജ്യം സമഗ്രാധിപത്യത്തിൻ കീഴിലായി. ഏകകക്ഷി ഭരണം ഏറെക്കുറേ ഏകവ്യക്തി ഭരണമായി പരിണമിച്ചിരിക്കുന്നു.
1971 - 77 കാലത്തെ ഇന്ദിരാഗാന്ധിയെയാണ് നരേന്ദ്രമോദി പല പ്രകാരത്തിലും ഒാർമ്മിപ്പിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലും നേടിയ തിളങ്ങുന്ന വിജയവും ബംഗ്ളാദേശ് യുദ്ധവും സിംല കരാറും പൊഖ്റാനിലെ ആണവ പരീക്ഷണവും ഹരിതവിപ്ളവവും കഴിഞ്ഞ കാലത്തും ഇന്ദിരാഗാന്ധിയെ വിമർശിക്കാൻ പാർലമെന്റിന് അകത്തും പുറത്തും നേതാക്കളുണ്ടായിരുന്നു. അകത്ത് എ.കെ. ഗോപാലൻ, ജ്യോതിർമയി ബസു, മൊറാർജി ദേശായി, പിലൂ മോദി, അടൽ ബിഹാരി വാജ്പേയി; പുറത്ത് ലോക്നായക് ജയപ്രകാശ് നാരായൺ, ആചാര്യ കൃപലാനി, ജോർജ്ജ് ഫെർണാണ്ടസ്. പിന്നെ രാംനാഥ് ഗോയങ്കയെപ്പോലെയുള്ള സാഹസികരായ പത്രമുടമസ്ഥരും കുൽദീപ് നയ്യാർ, നിഹാൽസിംഗ്, ബി.ജി. വർഗീസ് എന്നിങ്ങനെ പരാക്രമികളായ പത്രാധിപന്മാരും ഉണ്ടായിരുന്നു. സുപ്രീം കോടതിയിൽ എസ്.എം. സിക്രി, കെ.എസ്. ഹെഗ്ഡെ, എ.എൻ. ഗ്രോവർ, എച്ച്. ആർ. ഖന്ന തുടങ്ങിയ തന്റേടവും തലയെടുപ്പുമുള്ള ന്യായാധിപന്മാരുമുണ്ടായിരുന്നു. ഇപ്പോഴത്തെ സ്ഥിതി എന്താണ് ? പാർലമെന്റിനകത്ത് മോദിയെ എതിർക്കാൻ എൻ.കെ. പ്രേമചന്ദ്രനും പുറത്ത് മമത ബാനർജിയും മാത്രമേയുള്ളൂ.
തികച്ചും സാധാരണ കുടുംബത്തിൽ ജനിച്ച് വളരെ എളിയ ജീവിത സാഹചര്യങ്ങളിൽ നിന്ന് ഉയർന്നു വന്നയാൾ എന്നതാണ് നരേന്ദ്രമോദിയുടെ പ്രതിഛായ. പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന രണ്ടാമത്തെ പിന്നാക്ക സമുദായക്കാരനുമാണ് അദ്ദേഹം (ആദ്യത്തെയാൾ ദേവഗൗഡ). വ്യവസായികൾക്കും മൂലധന ശക്തികൾക്കും വഴിവിട്ട് അനവധി സഹായങ്ങൾ ചെയ്യുമ്പോഴും വ്യക്തിപരമായി തീരെ അഴിമതിക്കാരനല്ലെന്നതാണ് നരേന്ദ്രമോദിക്ക് അവകാശപ്പെടാവുന്ന ഒരു മേന്മ. ശക്തനായ ഭരണാധികാരി, എന്തും ചെയ്യാൻ മടിക്കാത്ത സാഹസികൻ എന്നിവയാണ് അദ്ദേഹത്തിന് ആരാധകരും എതിരാളികളും ചാർത്തിക്കൊടുക്കുന്ന വിശേഷണം. നരേന്ദ്രമോദിയെ ആരാധിക്കുന്നവരും വെറുക്കുന്നവരും എന്ന് രാജ്യത്തെ രണ്ടായി വേർതിരിക്കാൻ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. മോദി ചെയ്യുന്നതെല്ലാം ശരിയാണെന്നും അദ്ദേഹം ചെയ്യാത്തതൊന്നും ശരിയല്ലെന്നും കരുതുന്നവരാണ് ആരാധകർ. നരേന്ദ്രമോദി ചെയ്തതെല്ലാം തെറ്റാണെന്നും ഇനി ചെയ്യാൻ പോകുന്നതും തെറ്റായിരിക്കുമെന്നും കരുതുന്നവരാണ് എതിരാളികൾ. രണ്ടുകൂട്ടരും ദേശീയ രാഷ്ട്രീയത്തിന്റെ നായകസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത് നരേന്ദ്രമോദിയെ തന്നെയാണ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ ദേശീയ രാഷ്ട്രീയത്തിലെ നായകനും പ്രതിനായകനും അദ്ദേഹം തന്നെ.