കൊച്ചി: യൂദാസിന്റെ ഒറ്റുസഞ്ചിയിലെ നാണയം കൈയിലുണ്ടെന്ന് അവകാശപ്പെട്ട മോൻസൺ മാവുങ്കലിന്റെ ദൂഷിതവലയത്തിൽ സഭാനേതൃത്വം പെട്ടുപോകുന്നതിനെ വിമർശിച്ച് എറണാകുളം അങ്കമാലി അതിരൂപതാ പ്രസിദ്ധീകരണമായ സത്യദീപം.
പുതുപ്പണക്കാരുടെയും ക്ഷിപ്രപ്രശസ്തരുടെയും വലയത്തിൽ രാഷ്ട്രീയക്കാർക്കൊപ്പം സഭാനേതാക്കളും പെട്ടുപോകുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണമെന്ന് സത്യദീപം എഡിറ്റോറിയലിൽ പറയുന്നു. ഒഴിവാക്കാനാകാത്തവരുടെ ശുപാർശകളിലൂടെ ഒഴിയാബാധ പോലെ ഒട്ടിച്ചേരുന്ന ഇത്തരം ഇത്തിക്കണ്ണികൾക്കെതിരെ നിരന്തരമായ ജാഗ്രതയും നിരീക്ഷണവും അത്യന്താപേക്ഷിതമാണ്.
ഒന്നരക്കോടി രൂപ ചെലവിൽ പള്ളിപ്പെരുന്നാൾ മോൻസൺ നടത്തിയെന്ന വെളിപ്പെടുത്തിലിന്റെ പശ്ചാത്തലത്തിലാണ് സത്യദീപത്തിന്റെ വിമർശനം. മോൻസൺ മാവുങ്കൽ അവസാനത്തെയാളല്ല. ജാഗ്രത അനിവാര്യമാണെന്നും സത്യദീപം പറയുന്നു.