കോലഞ്ചേരി: വിലയുള്ളപ്പോൾ വിളവില്ല, വിളവുള്ളപ്പോൾ വിലയില്ല.ഏത്തവാഴ കർഷകരുടെ ദുരിതത്തിന് അറുതിയുമില്ല. കഴിഞ്ഞ കുറെ വർഷങ്ങളായി തോട്ടങ്ങളിൽ വിളയുന്നത് കണ്ണീർ കണങ്ങൾ മാത്രം. മറ്റ് പച്ചക്കറികളെല്ലാം കുതിച്ച് മുന്നേറുമ്പോൾ ഏത്തക്കായ മാത്രം കിതച്ച് നിൽക്കുകയാണ്. നിലവിൽ വില്പന വില 40 രൂപയാണ്. കർഷകന് ഇതിന്റെ പകുതി പോലും ലഭിക്കുന്നില്ല. ഒരു വാഴ നട്ട് വിളവെടുക്കാറാകുമ്പോഴേക്കും വാഴയൊന്നിന് 150-200 രൂപ ചെലവ് വരുമെന്നാണ് കണക്ക്. നിലവിലുള്ള സ്ഥിതിയിൽ വൻ നഷ്ടത്തിലാണ് കൃഷി നടത്തുന്നത്. സ്വന്തമായി സ്ഥലമില്ലാത്തവർ പാട്ടക്കൃഷിയാണ് നടത്തുന്നത്. പാട്ടത്തുക കൊടുക്കാനുള്ള തുക പോലും കൃഷിയിൽ നിന്നു കിട്ടുന്നില്ല. മുൻകൂർ തുക നൽകി പാട്ടമെടുത്തതിനാൽ നിവൃത്തികേടുകൊണ്ട് കൃഷി തുടരുകയാണ് പലരും. പച്ചക്കറികൾക്ക് നിശ്ചയിച്ച തറവില പോലും കർഷകന് ലഭിക്കുന്നില്ല. കൃഷിയിറക്കിയവരുടെ

കഷ്ടകാലം ആദ്യം പ്രളയത്തിന്റെ രൂപത്തിലെത്തിയെങ്കിൽ പിന്നീടെത്തിയത് കൊവിഡിനെ കൂട്ടുപിടിച്ചായിരുന്നു. ഓണക്കാലത്ത് അല്പം വില കൂടിയപ്പോൾ വിൽക്കാൻ കായുണ്ടായില്ല. ആ ലാഭം അന്യ സംസ്ഥാനക്കാർ കടത്തി. കഴിഞ്ഞ കുറേവർഷമായി കാ​റ്റും മഴയും വാഴക്കൃഷിയെ താറുമാറാക്കി. ഓഖിയാണ് ആദ്യം വലിയനാശം വിതച്ചത്. അന്ന് 90 ശതമാനത്തോളം കൃഷി നശിച്ചു. 2018ൽ മഹാപ്രളയത്തിലും 2019ലെ പ്രളയത്തിലുമുണ്ടായത് കണക്കില്ലാത്ത നഷ്ടമാണ്. ഓണ വിപണി ലക്ഷ്യമിട്ട് വളരെ പ്രതീക്ഷയോടെ കൃഷിയിറക്കി. എന്നാൽ കാലവർഷം ചതിച്ചു. കാ​റ്റിലും മഴയിലും കുലച്ച വാഴകളുൾപ്പടെയുള്ളവ നശിച്ചു. തമിഴ്‌നാട്ടിൽനിന്ന് ഏത്തക്കുലകൾ വന്നതും നാടൻ ഏത്തക്കായുടെ വില ഇടിച്ചു. വിളവെടുക്കാറാകുമ്പോൾ വില ഇടിയുന്നതാണ് കർഷകർ നേരിടുന്ന മ​റ്റൊരു പ്രതിസന്ധി.

വില ഇടിവും ചെലവ് കൂടുതലും

വളങ്ങൾക്കും കീടനാശിനികൾക്കും വില ഇരട്ടിച്ചു. പണിക്കൂലിയും കൂടിയിട്ടുണ്ട്. വാഴക്കൃഷിയിൽ നിന്ന് മുടക്കുമുതൽ പോലും കിട്ടുന്നില്ല. കടം വാങ്ങിയാണ് മിക്ക കർഷകരും വാഴക്കൃഷി ചെയ്തത് വിള നശിക്കുകയും വില ഇടിയുകയും ചെലവ് കൂടുകയും ചെയ്തതോടെ ഇവർ കടക്കെണിയിലായി. ഇനിയും കടം വാങ്ങാൻ ധൈര്യമില്ലാത്തതിനാലാണ് മിക്ക കർഷകരും ഇത്തവണ കൃഷി ഇറക്കാതിരിക്കുന്നത്. നശിച്ച വിളകളുടെ നഷ്ടപരിഹാരം ഇതുവരെയും കൃഷി വകുപ്പിന് ഇവർക്ക് നൽകിയിട്ടില്ല.