കൊച്ചി: സിമന്റിനും കമ്പിക്കും വീണ്ടും വിലവർദ്ധിപ്പിച്ചതോടെ ചതുരശ്ര അടിക്ക് 1,000 രൂപ നിർമ്മാണ ചെലവ് വർദ്ധിപ്പിക്കാൻ കെട്ടിട നിർമ്മാതാക്കൾ നിർബന്ധിതരാകുമെന്ന് ക്രെഡായ് കൊച്ചി പ്രസിഡന്റ് രവി ജേക്കബ് പറഞ്ഞു. അന്യായമായ വിലവർദ്ധന നിർമ്മാണ കമ്പനികളെ നഷ്ടത്തിലാക്കും. കൊവിഡും ലോക്ക് ഡൗണും സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്ന് നിർമ്മാണമേഖല കരകയറുമ്പോഴാണ് സിമന്റിനു വില വർദ്ധിപ്പിച്ചത്. സിമന്റിന് വില വർദ്ധിപ്പിക്കുന്നത് നിർമ്മാണമേഖല സ്തംഭിക്കാനും ഉപഭോക്താവിന് അധികബാദ്ധ്യതയ്ക്കും കാരണമാകും. എല്ലാവർക്കും താങ്ങാവുന്ന വിലയിൽ വീടെന്ന സർക്കാർ നയത്തിന് വിലക്കയറ്റം തിരിച്ചടിയാകും. നിർമ്മാണവസ്തുക്കളുടെ വില കുറയ്ക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.