ആലുവ: കുട്ടനാടൻ കർഷകരുടെ സഹായത്തോടെ ചൂർണിക്കര കട്ടേപ്പാടത്ത് വിത്ത് വിതക്കൽ മഹോത്സവം നടത്തി. രണ്ടു വർഷമായി മുടങ്ങിയ നെൽക്കൃഷിയാണ് ചൂർണിക്കര ഗ്രാമപഞ്ചായത്തും കൃഷിഭവനും പാടശേഖര സമിതിയും സംയുക്തമായി പുനരാരംഭിച്ചത്.
തരിശായി കിടന്ന കട്ടേപ്പാടത്ത് പാടശേഖര സമിതിയുടെ നേതൃത്വത്തിലാണ് 2017ൽ നെൽക്കൃഷി പുനരാരംഭിച്ചത്. പിന്നീട് പ്രളയവും കൊവിഡും വന്നതോടെ വീണ്ടും മുടങ്ങിയ കൃഷിയാണ് ആഘോഷപൂർവ്വം പുനരാരംഭിച്ചത്. കൃഷി വകുപ്പിന്റെ ഒക്കൽ ഫാമിൽ നിന്ന് വാങ്ങിയ ഉമ എന്ന വിത്താണ് വിതച്ചത്. 110 മുതൽ 120 വരെ വിളവ് എടുക്കുന്നതാണ് ഉമ വിത്തിന്റെ പ്രത്യേകതയെന്ന് കർഷകർ പറഞ്ഞു. പുതുതലമുറയെ കൂടി കൃഷിയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ലാഭനഷ്ടം പോലും പരിഗണിക്കാതെ നെൽക്കൃഷിക്ക് മുന്നിട്ടിറങ്ങിയതെന്നും കർഷകർ പറഞ്ഞു.
വിത്ത് വിതക്കൽ മഹോത്സവം വിത്ത് വിതറി ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. ർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, ജില്ല പഞ്ചായത്ത് മെമ്പർ റൈജ അമീർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, ഷീല ജോസ്, അജി ഹക്കീം, സതി ഗോപി, സി.പി. നൗഷാദ്, പി.എസ്. യൂസഫ്, അലീഷ ലിനീഷ്, ലൈല അബ്ദുൾ ഖാദർ, ഫാൻസി പരമേശ്വരൻ, അരുൺ പോൾ, ഹൈദ്രോസ് കാരോത്തുകുഴി, കെ.കെ തങ്കപ്പൻ, അബ്ദുൾ അസീസ്, കെ.കെ. ജമാൽ, പി.യു. പ്രീത, എസ്. സരിത എന്നിവർ സംസാരിച്ചു.