കൊച്ചി: തമിഴ്‌നാട് അമരാവതിനഗറിലുള്ള സൈനിക് സ്‌കൂളിൽ ചരിത്രത്തിൽ ആദ്യമായി പെൺകുട്ടികൾക്ക് പ്രവേശനം ലഭിച്ചു. 2021-22 അദ്ധ്യയന വർഷത്തേക്ക് 12 പെൺകേഡറ്റുകളാണ് ആറാം ക്ലാസിലേക്ക് അതിഥികളായി എത്തിയത്. ഓൾ ഇന്ത്യ സൈനിക് സ്‌കൂൾ പ്രവേശന പരീക്ഷയിലെ മാർക്കിനെ അടിസ്ഥാനമാക്കിയായിരുന്നു പ്രവേശനം. ഓൺലൈൻ ക്ലാസുകൾ സെപ്തംബർ 21ന് തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾ മാതാപിതാക്കൾക്കൊപ്പം സ്‌കൂൾ സന്ദർശിച്ച് പ്രവേശന നടപടികൾ പൂർത്തിയാക്കി. എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ഹോസ്റ്റലും പെൺകുട്ടികൾക്കായി തയ്യാറാക്കിയിട്ടുണ്ടെന്ന് നാവികസേന അധികൃതർ അറിയിച്ചു. 1780ൽ ബ്രിട്ടീഷുകാരെ യുദ്ധം ചെയ്ത് തോൽപിച്ച, ശിവഗംഗ രാജ്ഞി വേലുനച്ചിയാരുടെ പേരിലാണ് പുതിയ ഹോസ്റ്റൽ.