കോലഞ്ചേരി: എന്നാലും എന്റെ തക്കാളീ.. ഇങ്ങനെയൊക്കെ വില കൂടാമോ?. ഹാഫ് സെഞ്ച്വറിയും പിന്നിട്ട് സെഞ്ച്വറിയിലേക്കാണ് പോക്ക്. ഇന്നലെ ഗ്രാമീണ മേഖലകളിലെ കടകളിൽ തക്കാളി വില 70 ലെത്തി. കഴിഞ്ഞ ഒരാഴ്ചയായി വില ഉയർന്നുതന്നെയാണ്. ഈ വർഷത്തെ ഏറ്റവും ഉയർന്ന തുകയാണിത്. മുൻ വർഷം 90 വരെയെത്തിയ ചരിത്രമുണ്ട്. ഇതോടൊപ്പം സവാളയും 53 ലെത്തി. മുരിങ്ങക്കോലാകട്ടെ സെഞ്ച്വറിയടിച്ച് നില്പാണ്. ഇവയുൾപ്പടെ മറ്റെല്ലാ പച്ചക്കറികൾക്കും ഉയർന്ന വിലയാണ്. നാടൻകായ മാത്രമാണ് 40ൽ തുടരുന്നത്. വിളവെടുപ്പ് സീസണിലെത്തിയ മഴയാണ് വിലക്കുതിപ്പിന് കാരണമായി പറയുന്നത്. വേനൽക്കാലത്ത് തക്കാളി കൂടുതൽ സമയം സ്റ്റോക്ക് ചെയ്യാറില്ല, പെട്ടിയിൽ അടുക്കി വരുമ്പോൾ ചൂടേറ്റ് നശിക്കുന്നത് പതിവാണ്. അതേസമയം, കാലാവസ്ഥ ചെറുതായി മാറിയപ്പോൾ വൻ വിലവാങ്ങി കൃത്രിമ വിലക്കയറ്റം ഉണ്ടാക്കുകയാണെന്നാണ് ചില്ലറ വ്യാപാരികൾ പറയുന്നത്.