ആലുവ: സാമൂഹ്യ ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവരുമായി ഇടപഴുകുമ്പോൾ പൊലീസുദ്യോഗസ്ഥർ ആവശ്യമായ മുൻകരുതലിലൂടെയും ജാഗ്രതയോടും കൂടി പെരുമാറണമെന്ന് കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ. അസോസിയേഷന്റെ എറണാകുളം റൂറൽ ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് മുന്നറിയിപ്പ്. പുരാവസ്തു തട്ടിപ്പ് കേസിലെ മുഖ്യപ്രതി മോൺസൺ മാവുങ്കലുമായി പൊലീസ് ഉദ്യോഗസ്ഥർക്കുള്ള ബന്ധം പുറത്തുവന്ന സാഹചര്യത്തിലാണ് സംഘടനയുടെ മുന്നറിയിപ്പ് എന്നതാണ് പ്രത്യേകത. ദൈനം ദിന ജോലിക്കിടയിൽ സമൂഹത്തിലെ വിവധ തലങ്ങളിലുള്ള വ്യക്തികളുമായി പൊലീസുദ്യോഗസ്ഥർക്ക് ബന്ധപ്പെടേണ്ടിവരും. ഇത്തരക്കാരിൽ കള്ളനാണയങ്ങളുമുണ്ടാകാം. അത്തരം ആളുകളെ യഥാസമയം തിരിച്ചറിയുന്നതിൽ പൊലീസുദ്യോഗസ്ഥർക്കുണ്ടാകുന്ന വിഴ്ചകൾക്ക് വലിയ വില കൊടുക്കേണ്ടിവരുന്നുവെന്നും പ്രമേയം ഓർമിപ്പിക്കുന്നു. സമ്മേളനം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് ഉദ്ഘാടനം ചെയ്തു. ചില ഒറ്റപ്പെട്ട സംഭവങ്ങളുടേയും വ്യക്തികളുടെ പ്രവർത്തികളുടേയും പേരിൽ പൊലീസിന് പഴി കേൾക്കേണ്ടി വരുന്നുവെന്ന് എസ്.പി പറഞ്ഞു. പൊലീസ് സർക്കാരിന്റെ മുഖമായതിനാലാണ് നിയമങ്ങൾ നടപ്പിലാക്കുമ്പോൾ പൊലീസിന് പഴി കേൾക്കേണ്ടി വരുന്നത്. കാര്യങ്ങൾ വിലയിരുത്തിക്കൊണ്ടുള്ള തിരുത്തൽ നടപടികളാണ് നല്ല പൊലീസുദ്യോഗസ്ഥർ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എം.കെ. മുരളി അദ്ധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി സക്കറിയ മാത്യു, ജെ. ഷാജിമോൻ, ബെന്നി കുര്യാക്കോസ്, സി.ആർ. ബിജു, പ്രേംജി.കെ. നായർ, കെ.ടി. മുഹമ്മദ് കബീർ, കെ.ആർ. സന്തോഷ് കുമാർ, എം.എം. അജിത് കുമാർ, അബ്ദുൾ സലാം, എം.എസ്. സുരേഷ്, ഇ.കെ. അബ്ദുൾ ജബ്ബാർ, എം.വി. സനിൽ തുടങ്ങിയവർ പ്രസംഗിച്ചു.