കൊച്ചി: ആയുർവേദ വിദ്യാർത്ഥി വിസ്‌മയ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്‌ത കേസിൽ പ്രതിയായ ഭർത്താവ് കൊല്ലം പോരുവഴി ചന്ദ്രവിലാസത്തിൽ കിരൺകുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിക്ക് ജാമ്യംനൽകുന്നത് സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദവും ഇയാൾക്കെതിരെ ചുമത്തിയ കുറ്റത്തിന്റെ ഗൗരവവും കണക്കിലെടുത്താണ് ഹർജി തള്ളുന്നതെന്ന് ജസ്റ്റിസ് എം.ആർ. അനിത വ്യക്തമാക്കി. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടുള്ള ക്രൂരതയും പീഡനവും സഹിക്കാനാവാതെ 24 വയസുള്ള യുവതി വിവാഹം കഴിഞ്ഞ് 13 മാസത്തിനകം ആത്മഹത്യ ചെയ്തെന്ന ഗൗരവമേറിയ കുറ്റമാണിത്. പ്രതിയുടെ വ്യക്തിസ്വാതന്ത്ര്യത്തെക്കാൾ പൊതുതാത്പര്യത്തിനാണ് മുൻഗണന. പ്രതിക്കെതിരായ ആരോപണങ്ങൾ, സർവീസിൽ നിന്ന് നീക്കിയെങ്കിലും അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായിരുന്നു എന്നതടക്കമുള്ള വസ്തുതകൾ, കനത്തശിക്ഷ ലഭിക്കാനിടയുള്ള കുറ്റത്തിന്റെ ഗൗരവം തുടങ്ങിയവ കണക്കിലെടുത്താൽ ജാമ്യം അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജൂൺ 21നാണ് വിസ്മയ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്.