fg

കൊച്ചി: ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന കടകൾക്ക് മുന്നി​ൽ ഭക്ഷ്യസുരക്ഷാ ലൈസൻസ് നമ്പറോ രജിസ്ട്രേഷൻ നമ്പറോ

പ്രദർശിപ്പിക്കാത്തവ‌ർക്കെതിരെ ശക്തമായ നടപടി വരുന്നു. പരി​ശോധന ആരംഭി​ക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്ക് നി‌ർദ്ദേശം ലഭി​ച്ചു. ഭക്ഷ്യസുരക്ഷാ ഗുണനി​ലവാര നി​യന്ത്രണ അതോറി​റ്റി​യുടെ (എഫ്.എസ്.എസ്.എ.ഐ) നി​ർദേശം ഒക്ടോബർ ഒന്നി​ന് പ്രാബല്യത്തി​ൽ വന്നു.

12 ലക്ഷത്തിൽ താഴെ വാ‌ർഷിക വരുമാനമുള്ള സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷനും അതിന് മുകളിൽ വരുമാനമുള്ളവർക്ക് ലൈസൻസുമാണ് നൽകുന്നത്. ഈ നമ്പറുകൾ ഗുണഭോക്താക്കൾ കാണുന്ന തരത്തിൽ സ്ഥാപനങ്ങൾക്കു മുന്നിൽ പ്രദ‌ർശിപ്പിക്കണം. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, തട്ടുകടകൾ, തുടങ്ങി എല്ലാ ഭക്ഷണ ശാലകളിലും ബേക്കറികൾ, മിഠായിക്കട, പലചരക്ക് കട തുടങ്ങി എല്ലാ റീട്ടെയിൽ സ്ഥാപനങ്ങളിലും ഇവ രേഖപ്പെടുത്തിയ ഭക്ഷ്യസുരക്ഷ ഡിസ്‌പ്ലേ ബോർഡുകൾ നി​ർബന്ധമാണ്. വീഴ്ച കണ്ടെത്തി​യാൽ ആദ്യം മുന്നറിയിപ്പ്. ആവർത്തിച്ചാൽ 1 ലക്ഷം രൂപ പിഴയും ലൈസൻസ് സസ്പെൻഡ് ചെയ്യൽ അടക്കമുള്ള നടപടികളുമുണ്ടാകും.

ബില്ലുകൾ, രസീതുകൾ കാഷ് മെമ്മോ തുടങ്ങി എല്ലാ ബിസിനസ് രേഖകളിലും സ്ഥാപനത്തിന്റെ ഭക്ഷ്യസുരക്ഷാ ലൈസൻസ്, രജിസ്ട്രേഷൻ നമ്പർ എന്നിവ രേഖപ്പെടുത്തണമെങ്കി​ലും ഇത് ജനുവരി​ മുതലേ കർശനമാക്കൂ. എഫ്.എസ്.എസ്.എ.ഐയുടെ കർശന പരി​ശോധനയും ഉണ്ടാകും. ജി.എസ്.ടി, ഇ-വേ ബില്ലുകളിലും സർക്കാരി​ന്റെ കമ്പ്യൂട്ടർ രേഖകളിലും മാത്രമാണ് ഇളവുള്ളത്. സാവകാശം ആവശ്യപ്പെട്ട് വി​വിധ വ്യാപാര സംഘടനകൾ എഫ്.എസ്.എസ്.എ.ഐക്ക് നിവേദനം നൽകിയ സാഹചര്യത്തിലാണ് ജനുവരി​ വരെ സമയം ദീർഘി​പ്പി​ച്ചത്.

 ലക്ഷ്യം ജനങ്ങളുടെ സുരക്ഷ

ഭക്ഷ്യസുരക്ഷാ ലൈസൻസ്, രജിസ്ട്രേഷൻ നമ്പർ എന്നിവയിലൂടെ ഉപഭോക്താക്കൾക്ക് സ്ഥാപനത്തി​ന്റെ വി​ശദാംശങ്ങൾ ലഭി​ക്കും. എഫ്.എസ്.എസ്.എ.ഐ വെബ്സൈറ്റി​ലും ഫുഡ് സേഫ്റ്റി കണക്ട് ആപ്പി​ലും പരാതി​കൾ നൽകുമ്പോൾ ഈ നമ്പറുകൾ രേഖപ്പെടുത്തുന്നത് കൂടുതൽ ഫലപ്രദമാകും.

പി.ജെ.വർഗീസ്

ഡെപ്യൂട്ടി കമ്മിഷണർ,

ഭക്ഷ്യസുരക്ഷാ വകുപ്പ്

എറണാകുളം