കൊച്ചി: മോൻസൺ മാവുങ്കലിന്റെ കലൂരിലെ വാടകവീട്ടിലെ അഞ്ഞൂറിലേറെ പുരാവസ്തുക്കൾ ക്രൈംബ്രാഞ്ച് കണ്ടുകെട്ടി. പുരാവസ്തു ഇടനിലക്കാരൻ സന്തോഷ് എളമക്കര നൽകിയ പരാതിയിലാണ് നടപടി.
പട്ടിക തയ്യാറാക്കി ഇവ കോടതിക്ക് കൈമാറും. ആഡംബരമ്യൂസിയം നിർമ്മിക്കാമെന്ന് വിശ്വസിപ്പിച്ച് മൂന്നുകോടി രൂപയുടെ പുരാവസ്തു കൈക്കലാക്കിയെന്ന് കഴിഞ്ഞ ദിവസമാണ് സന്തോഷ് ക്രൈംബ്രാഞ്ചിന് പരാതി നൽകിയത്. പണം നൽകാനുണ്ടെന്ന് മോൻസൺ സമ്മതിച്ചിട്ടുണ്ട്. കോടതിയിൽനിന്ന് പുരാവസ്തുക്കൾ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സന്തോഷ്.
മോശയുടെ അംശവടിയെന്ന് മോൻസൺ പറഞ്ഞുപരത്തിയ ഊന്നുവടിയടക്കം എഴുപത് ശതമാനം 'പുരാവസ്തുക്കളും" സന്തോഷ് നൽകിയതാണ്. ഫെമ നിയമക്കുരുക്കിന്റെ കള്ളക്കഥ പറഞ്ഞ് സന്തോഷിനെയും മോൻസൺ കബളിപ്പിച്ചു. പലരിൽനിന്ന് കടം വാങ്ങിയാണ് തുക കൈമാറിയതെന്നും ലക്ഷങ്ങളുടെ കടക്കാരനായെന്നും സന്തോഷ് പറയുന്നു. സന്തോഷിനെ മൂന്നുതവണ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.
സ്ക്രീനിൽ തെളിയും
ശ്രീകൃഷ്ണൻ വെണ്ണ കട്ടുതിന്ന ഉറി, ചെമ്പോല തീട്ടൂരം, കാനായിലെ കൂജയടക്കമുള്ളവ തിരിച്ചുകിട്ടിയാൽ സിനിമാ-സീരിയൽ ഷൂട്ടിംഗിനായി നൽകാനാണ് സന്തോഷിന്റെ ആലോചന. നിരവധി പുരാവസ്തുക്കൾ ഇതുകൂടാതെ സന്തോഷിന്റെ പക്കലുണ്ട്. കൊവിഡിൽ ഷൂട്ടിംഗ് നിലച്ചതോടെ ഇതിലൂടെയുള്ള വരുമാനം നിലച്ചിരിക്കുകയാണെന്നും സാമ്പത്തിക പ്രതിസന്ധിലാണെന്നും സന്തോഷ് പറഞ്ഞു.
നമ്മുടെ ആളല്ലേ !
സന്തോഷിനെ അറിയാമോ? ക്രൈംബ്രാഞ്ച് എസ്.പിയുടെ ചോദ്യം വന്നയുടൻ മോൻസന്റെ മറുപടി ഇങ്ങനെ. പിന്നേ, നമ്മുടെ ആളല്ലേ ! ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുമ്പോഴായിരുന്നു പ്രതികരണം.
സന്തോഷിന് പണം നൽകാനുണ്ടെന്ന് സമ്മതിച്ച മോൻസൺ കോടികളുടെ ഫെമ കെട്ടുകഥ വീണ്ടും അവതരിപ്പിച്ചു. ചോദ്യം ചെയ്യലിന് ശേഷമാണ് മോൻസനെതിരെ സന്തോഷ് പരാതി നൽകിയത്.