മൂവാറ്റുപുഴ: മൃഗസംരക്ഷണ വകുപ്പും മൂവാറ്റുപുഴ നഗരസഭയും സംയുക്തമായി ആവിഷ്കരിച്ചിരിക്കുന്ന അടുക്കള മുറ്റത്ത് കോഴി വളർത്തൽ പദ്ധതിയുടെ ഭാഗമായി മുട്ട കോഴികളുടെ വിതരണം ഇന്ന് നടക്കും. രാവിലെ എട്ടിന് മൂവാറ്റുപുഴ ഗവൺമെന്റ് മൃഗാശുപത്രി അങ്കണത്തിൽ ചേരുന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ പി.പി. എൽദോസ് വിതരണോദ്ഘാടനം നിർവഹിക്കും. മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ സിനി ബിജു അദ്ധ്യക്ഷത വഹിക്കും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അജി മുണ്ടാട്ട്, രാജശ്രീ രാജു, പി.എം. അബ്ദുൽസലാം, നിസ അഷറഫ്, ജോസ് കൂര്യാക്കോസ്, സീനിയർ വെറ്റിനറി ഓഫീസർ ഡോ.പി.എസ്.ഷമീം, സർജൻ ഡോ.പി.കൃഷ്ണദാസ് എന്നിവർ പങ്കെടുക്കും. പദ്ധതിപ്രകാരം 46 ദിവസം പ്രായം വരുന്ന 4000 മുട്ട കോഴികളെയാണ് വിതരണം ചെയ്യുക. ഒരാൾക്ക് 10 കോഴികൾ എന്ന നിലയിൽ 400 യൂണിറ്റ് 50% സബ്സിഡിയോടെ ലഭ്യമാക്കും. ഇന്ന് 2100 കോഴികളെയും 16ന് 1500 കോഴികളെയും വിതരണം ചെയ്യും.