pic

കോതമംഗലം: എക്സൈസ് സംഘം നടത്തിയ രഹസ്യ നീക്കത്തെ തുടർന്ന് കഞ്ചാവ് മാഫിയ താവളത്തിൽ നിന്ന് 8.273 കിലോഗ്രാം കഞ്ചാവുമായി മാലിപ്പാറ വെട്ടിക്കാട്ടിൽ വീട്ടിൽ സുമേഷ് പോളിനെ കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കൂടെയുണ്ടായിരുന്ന സംഘത്തിലെ പ്രധാനികളായ ജോർഡി, സജി എന്നിവർ ഓടിരക്ഷപ്പെട്ടു. എക്സൈസ് ഇൻസ്പെക്ടർ ജോസ് പ്രതാപിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് പ്രിവെന്റീവ് ഓഫീസർ ശ്രീകുമാർ,ഷാഡോ ഉദ്യോഗസ്ഥരായ ജിമ്മി , സുനിൽ എന്നിവർ എം.എ കോളേജിനു സമീപമുള്ള സോനാ ഹോസ്റ്റലിൽ നടത്തിയ രഹസ്യ നീക്കത്തിലാണ് പ്രതിയെ പിടികൂടിയത്.എക്സൈസ് സുമേഷിനെ പിടിച്ചതറിയാതെ ഹോസ്റ്റലിനു സമീപം എത്തിയ ജോർഡിയും സജിയും ഹോസ്റ്റലിനു സമീപം എത്തിയപ്പോൾ എക്സൈസ് സംഘത്തെ കണ്ടു രക്ഷപ്പെടുകയായിരുന്നു. സജി ഒറീസയിൽ നിന്ന് വൻതോതിൽ കഞ്ചാവ് കൊണ്ടുവന്ന് വിതരണം ചെയ്യുന്നതായിട്ടാണ് എക്സൈസിന് വിവരം കിട്ടിയത്.തുടർ അന്വേഷണം ഊർജിതമാക്കാൻ എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ കെ.കെ അനിൽകുമാർ ഉത്തരവിട്ടു.