കൊച്ചി: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുവന്നതോടെ സന്ദർശകരെ സ്വാഗതം ചെയ്യുകയാണ് ഫോർട്ടുകൊച്ചിയിലെ സെന്റ് ഫ്രാൻസിസ് പള്ളി. കൊവിഡ് കാലത്തിന് മുമ്പ് അവധിദിനങ്ങളിൽ ഫോർട്ടുകൊച്ചി കാണാനെത്തുന്നവരൊക്കെ മറക്കാതെ സന്ദർശിക്കുന്ന ഇടമായിരുന്നു ഈ പള്ളി. വാസ്കോ ഡി ഗാമയെ ആദ്യം അടക്കം ചെയ്ത പള്ളി എന്ന പേരിലും അറിയപ്പെടുന്നു സെന്റ് ഫ്രാൻസിസ് പള്ളി.
പള്ളിയുണ്ടായ ചരിത്രം
ഇന്ത്യയിലെ ആദ്യ കാല യൂറോപ്യൻ അധിനിവേശ കേന്ദ്രങ്ങളിൽ ഒന്നാണ് ഫോർട്ട് കൊച്ചി. ക്രിസ്തുവർഷം 14 നൂറ്റാണ്ടിൽ ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് കൊച്ചി ഒരു പ്രകൃതിദത്ത തുറമുഖമായി ഉയർന്നു വരികയും കോഴിക്കോട്, കണ്ണൂർ തുറമുഖങ്ങൾക്ക് ഒപ്പം അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തു. പോർച്ചുഗീസ് നാവികനായ വാസ്കോഡ ഗാമ 1498 മെയ് 20 ന് എത്തിച്ചേർന്നതോടെ വൈദേശികാധിപത്യത്തിന് ഇന്ത്യയിൽ തുടക്കമായി. വാസ്കോഡ ഗാമക്ക് പിന്നാലെയെത്തിയ പോർച്ചുഗീസുകാർ കോഴിക്കോട്ടെ ഭരണാധികാരിയായിരുന്ന സാമൂതിരിയുമായി വ്യാപാരകാര്യങ്ങളിലുണ്ടായ തർക്കം അവരെ കൊച്ചിയിലെത്തിച്ചു.
1503-ൽ കൊച്ചി രാജാവിന്റെ അനുമതിയോടെ ഇന്ത്യയിലെ രണ്ടാമത്തെ വൈസ്രോയിയായ അൽഫോൻസോ ഡി അൽബുക്കർക്ക് കൊച്ചിയിൽ ഒരു കോട്ട നിർമ്മിക്കുകയും അതിനുള്ളിലായി വിശുദ്ധ ബർത്തലോമി നാമത്തിൽ ഒരു ആരാധനാലയം പണികഴിപ്പിക്കുകയും ചെയ്തു. ആരംഭത്തിൽ തടിയിൽ നിർമ്മിക്കപ്പെട്ട പള്ളി ഫ്രാൻസിസ്‌ക്കൻമ്മർ 1516ൽ കല്ലിൽ പൂർത്തിയാക്കുകയും വിശുദ്ധ അന്തോണിയുടെ നാമത്തിൽ സമർപ്പിക്കുകയും ചെയ്തു.
വാസ്കോഡ ഗാമ 1524 ഡിസംബർ 24-ന് കൊച്ചിയിൽ വെച്ച് മരണമടഞ്ഞു വാസ്കോഡ ഗാമയുടെ ഭൗതികവശിഷ്ടം ഈ പള്ളിയിലാണ് അടക്കം ചെയ്തത്. പതിനാലു വർഷങ്ങൾക്കു ശേഷം ഗാമയുടെ പുത്രൻ ഡോൺ പെഡ്രോഡി ഡിസിൽവ ഡി ഗാമ അദ്ദേഹത്തിന്റെ ഭൗതികവശിഷ്ടം പോർച്ചുഗലിലെ അലൻറ്റിജോയിലെ വിഡിഗ്രിരിയിലേക്കു കൊണ്ടുപോയി.
1510 മുതൽ 1663 വരെ പോർച്ചുഗീസ് ഔദ്യോഗികമായി ഈ പള്ളിയെ വ്യവസ്ഥാനുരൂപമായി സെന്റ് ഫ്രാൻസിസ് ഒഫ് അസിസിയുടെ പള്ളിയായി അംഗീകരിച്ചിരുന്നു. എന്നാൽ, 1773ൽ ഡച്ചു ഭരണാധികാരികൾ ഘടനാപരമായ മാറ്റങ്ങളും പേര് മാറ്റവും അതോടൊപ്പം വലിയ തോതിലുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങളും നടത്തി. പിന്നീട് 1819 മുതൽ 1846 വരെ ബ്രിട്ടീഷ് സർക്കാരിന്റെ നവീകൃത പള്ളിയായി അറിയപ്പെട്ടു. ഔദ്യോഗികമായി ഇതിനെ സെന്റ് ഫ്രാൻസിസ് എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത് എ.ഡി 1886 മുതൽ 1887 വരെയുള്ള ബ്രിട്ടീഷുകാരുടെ കാതലായ പുതുക്കിപ്പണികളും പുനരുദ്ധാരണത്തിനും ശേഷമാണ്. 1923ൽ ദേശീയ പ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിച്ച സെന്റ് ഫ്രാൻസിസ് പള്ളി നിലവിൽ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലാണ്.