basath-balaji-swearing-

കൊച്ചി: "ആഗ്രഹിച്ചത് എൻജിനിയറാകാനായിരുന്നു, പക്ഷേ, നിയോഗം അമ്മയുടെ വഴി പിന്തുടർന്ന് നീതിപീഠത്തിലേക്ക് എത്തിച്ചേരാനാണ്." കേരള ഹൈക്കോടതി ജഡ്‌ജിയായി സത്യപ്രതിജ്ഞചെയ്ത് ചുമതലയേറ്റശേഷം നടത്തിയ പ്രസംഗത്തിൽ ജസ്റ്റിസ് ബസന്ത് ബാലാജി മനസ്സ് തുറന്നു. അന്തരിച്ച മുൻ ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ഡി. ശ്രീദേവിയുടെയും എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്‌റ്റിക്‌സ് വകുപ്പ് മുൻ ജോയിന്റ് ഡയറക്ടർ യു. ബാലാജിയുടെയും മകനാണ് ജസ്റ്റിസ് ബസന്ത് ബാലാജി.

"കുട്ടിക്കാലം മുതൽ അമ്മയുടെ തിരക്കും കോടതി നടപടികളും കണ്ടാണ് വളർന്നത്. ഈ വഴിയിലൂടെ മുന്നോട്ടുപോകണമെന്ന് അന്നൊന്നും ആഗ്രഹിച്ചിരുന്നില്ല. എൻജിനിയറാകണമെന്ന ആഗ്രഹത്തോടെ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ പ്രീഡിഗ്രിക്ക് കണക്കും ഫിസിക്സുമാണ് പഠിച്ചത്. പക്ഷേ വിധി മറ്റൊന്നാണ് കരുതിവച്ചത്. തിരുവനന്തപുരം ഗവ. ലാ അക്കാഡമിയിൽ നിയമപഠനത്തിന് ചേർന്നു. അച്ഛനാണ് എന്റെ സ്വഭാവരൂപീകരണത്തിൽ നിർണായകസ്വാധീനം ചെലുത്തിയ വ്യക്തി. ഇന്നിപ്പോൾ മാതാപിതാക്കൾ ഒപ്പമില്ല. സ്വർഗത്തിലിരുന്ന് അവർ ഈ നിമിഷം എന്നെ അനുഗ്രഹിക്കുന്നുണ്ടാവും." ജസ്റ്റിസ് ബസന്ത് ബാലാജി പറഞ്ഞു.

ഹൈക്കോടതിയിലെ ഒന്നാംനമ്പർ കോടതിയിൽ ഇന്നലെ രാവിലെ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്‌ണക്കുറുപ്പ്, ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് തോമസ് എബ്രഹാം എന്നിവർ ആശംസകൾ നേർന്നു. ഹൈക്കോടതി ജഡ്ജിമാരടക്കമുള്ളവർ പങ്കെടുത്തു.

1972 മേയ് 28ന് തിരുവനന്തപുരത്തു ജനിച്ച ബസന്ത് ബാലാജിയുടെ സ്കൂൾ പഠനം തിരുവനന്തപുരം ലയോളയിലായിരുന്നു. ലാ അക്കാഡമിയിലെ നിയമബിരുദ പഠനം കഴിഞ്ഞ് കേരള സർവകലാശാലയിൽനിന്ന് ബിസിനസ് ലായിൽ മാസ്റ്റർബിരുദവും നേടി. 1995ൽ അഭിഭാഷകനായി എൻറോൾ ചെയ്തു. തിരുവനന്തപുരത്ത് അഡ്വ. ജി.എസ്. രഘുനാഥന്റെ കീഴിലാണ് പ്രാക്ടീസ് ആരംഭിച്ചത്. 1998ൽ ഹൈക്കോടതിയിലേക്ക് പ്രാക്ടീസ് മാറ്റി. രണ്ടുദശാബ്ദത്തിലേറെയായി ഹൈക്കോടതി അഭിഭാഷകനാണ്. സിമ്മി പൊറ്റങ്ങാടിയാണ് ഭാര്യ. മക്കൾ : അനന്തിക, സാരംഗ്.

കരാർനിയമങ്ങൾ, ഭരണഘടനാ വിഷയങ്ങൾ, സിവിൽകേസുകൾ, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നിയമങ്ങൾ തുടങ്ങിയവയിൽ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.