കൊച്ചി: കണ്ടെയ്നർ ലോറികൾ കൂട്ടത്തോടെ അശാസ്ത്രീയമായി പാർക്കിംഗ് നടത്തുന്നത് മൂലം വല്ലാർപാടം കണ്ടെയ്നർ റോഡിലുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കളമശ്ശേരി വരെയുള്ള ഭാഗത്ത് സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട വിഭാഗങ്ങളുമായി ചർച്ച നടത്തുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.
ദിവസേന നിരവധിപേർ എത്തുന്ന അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്ക ഉൾപ്പെടുന്ന പ്രദേശത്ത് അശാസ്ത്രീയവും ക്രമരഹിതവുമായ പാർക്കിംഗ് മൂലം അപകടങ്ങളും ജീവഹാനിയും സാമൂഹ്യവിരുദ്ധശല്യവും വർദ്ധിച്ചു വരികയാണെന്ന് ചൂണ്ടിക്കാട്ടി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
പ്രാദേശികമായി ഒറ്റപ്പെട്ട നിലയ്ക്കുള്ള പ്രശ്നമാണെങ്കിലും ഇതിനെ പൊതുവിഷയമായി കണക്കിലെടുത്ത് കർശന ഇടപെടൽ നടത്തുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിവിധ മേഖലകളിൽ ക്രമാനുസൃതമല്ലാത്ത പാർക്കിംഗ് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. ഇക്കാര്യത്തിൽ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അശാസ്ത്രീയ പാർക്കിംഗ് സംബന്ധിച്ച് കേരള കൗമുദി നേരത്തെ വാർത്തകൾ നൽകിയിരുന്നു. ഇതിനു പിന്നാലെ വാഹനങ്ങൾ ഒഴിപ്പിച്ചെങ്കിലും ദിവസങ്ങൾക്ക് ശേഷം പഴയപടി പാർക്കിംഗ് പുനരാരംഭഇക്കുകയും ചെയ്തു.