കുമ്പളങ്ങി: പഞ്ചായത്തിന്റെ കീഴിലുള്ള പാർക്കിലേക്ക് വരൂ...സൗജന്യ ഓപ്പൺ ജിമ്മിൽ ഇനി ശരീരസൗന്ദര്യം കാത്തു സൂക്ഷിക്കാം. ഹൈബി ഈഡൻ എം.പിയുടെ ഫണ്ടിൽ നിന്നാണ് ഇവിടെ ഓപ്പൺ ജിം ആരംഭിച്ചിരിക്കുന്നത്. രാവിലെ പുരുഷൻമാരും വൈകിട്ട് സ്ത്രീകളുമാണ് ഇവിടെ വരുന്നത്. കൂടാതെ പ്രഭാത-സായാഹ്ന സവാരിക്കാരായ നിരവധിപേരും ഇവിടെ എത്തുന്നുണ്ട്. കൊവിഡ് രോഗഭീതിയുടെ പശ്ചാത്തലത്തിൽ പാർക്ക് അടച്ചു പൂട്ടലിനെ തുടർന്ന് കാടുപിടിച്ച് കിടന്നിരുന്ന സ്ഥലം പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് വൃത്തിയാക്കിയത്. കൂടാതെ ഓപ്പൺ സ്റ്റേജും കുടൽകറി, ചിരട്ട പുട്ട്, കപ്പ, മീൻകറി തുടങ്ങിയ നാടൻവിഭവങ്ങൾ ഒരുക്കുന്ന ഒരു ഭക്ഷണശാലയും ഇവിടെ ഒരുങ്ങുന്നുണ്ട്. എന്നാൽ രാത്രിസമയങ്ങളിലും പാർക്ക് തുറന്നു കിടക്കുന്നതിനാൽ സാമൂഹ്യവിരുദ്ധ ശല്യം ഒഴിവാക്കുന്നതിനായി പാർക്ക് മൊത്തമായി കരാർ കൊടുക്കാനുള്ള ആലോചനയിലാണ് പഞ്ചായത്ത്. ചില ക്വട്ടേഷനുകൾ എത്തിയിട്ടുള്ളതായി പ്രസിഡന്റ് ലിജാ തോമസ്, വൈസ് പ്രസിഡന്റ് പി.എ.സഗീർ എന്നിവർ അറിയിച്ചു. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലാണ് പാർക്കിൽ ഭക്ഷണശാല ഒരുങ്ങുന്നത്.