പിറവം: നിലവിൽ തുല്യ അംഗങ്ങളുള്ള പിറവം മുനിസിപ്പാലിറ്റിയിലെ പതിനാലാം ഡിവിഷനിൽ എൽ.ഡി.എഫ് അംഗം ജോർജ് നാരേകാടൻ നിര്യാതനായതിനെ തുടർന്ന് നിർണായകമായ ഉപതിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. ഇവിടെ വിജയിക്കുന്ന പാർട്ടിയായിരിക്കും ഭരണത്തിൽ തുടരുക. തിരഞ്ഞെടുപ്പ് തിയ്യതി തീരുമാനിച്ചിട്ടില്ലെങ്കിലും ഇടത് പാർട്ടി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് മുമ്പേ പ്രചാരണം ആരംഭിച്ചു കഴിഞ്ഞിരുന്നു. ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റും നഗരസഭയുടെ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ അരുൺ കല്ലറയ്ക്കലിനെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഇന്നലെ പ്രഖ്യാപിച്ചു. ഇടതുപക്ഷ സ്ഥാനാർത്ഥിയായി ഡോക്ടറേറ്റ് നേടിയ അജേഷ് മനോഹർ (സി.പി.എം) ആണ് മത്സരിക്കുന്നത്. 27 ഡിവിഷനുകളിൽ 13 വീതം സീറ്റുകളാണ് നിലവിൽ ഇരു പാർട്ടികൾക്കുമുള്ളത്.
ഇടത് അംഗത്തിന് ജോലി കിട്ടിയപ്പോൾ രാജിവച്ച അഞ്ചാം ഡിവിഷനിൽ ഓഗസ്റ്റ് മാസം നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി സിനി ജോയി 205 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു.