പറവൂർ ∙ ദേശീയപാത വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ നഷ്ടപരിഹാര തുകയിൽ നിന്നും ആദായനികുതി പിടിക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്നും ഇത് ഭൂമി വിട്ടുകൊടുത്തവരോട് കാട്ടുന്ന വഞ്ചനയാണെന്നും ദേശീയപാത സംയുക്ത സമരസമിതി ആരോപിച്ചു. 2013ലെ ഭൂമിയേറ്റെടുപ്പ് നിയമത്തിലെ സെക്ഷൻ 96 പ്രകാരം പൊതു ആവശ്യത്തിന് ഏറ്റെടുക്കുന്ന ഭൂമിക്ക് നൽകുന്ന നഷ്ടപരിഹാര തുകയിൽ നിന്ന് ആദായനികുതി ഈടാക്കാൻ പാടില്ല. 45 മീറ്റർ ദേശീയപാത വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങൾക്കുള്ള മൊത്തം നഷ്ടപരിഹാര തുകയിൽ നിന്ന് 20 ശതമാനം വരെ ആദായ നികുതി പിടിച്ചെടുക്കാനാണ് നീക്കം. നേരത്തെ, കലക്ടറും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും ആദായനികുതി പിടിക്കില്ലെന്ന് ഉറപ്പുനൽകിയിരുന്നു. ജില്ലയിലെ തന്നെ മെട്രോ റെയിൽ അടക്കം മറ്റ് ഭൂമിയേറ്റെടുക്കൽ പദ്ധതികളിലൊന്നും ആദായനികുതി ഈടാക്കുന്നില്ല. മെട്രോ റെയിലിനും ദേശീയപാതയ്ക്കും 2013ലെ ഒരേ നിയമപ്രകാരം തന്നെയാണ് പുനരധിവാസ നഷ്ടപരിഹാര ആനുകൂല്യങ്ങൾ നൽകുന്നത്.
മാത്രമല്ല, നഷ്ടപരിഹാരം ലഭിക്കണമെങ്കിൽ ഇരുപതോളം രേഖകൾ ആവശ്യപ്പെട്ട് ഭൂവുടമകളെ കൊവിഡ് കാലത്ത് നെട്ടോട്ടം ഓടിക്കുകയാണ്. പ്രശ്ന പരിഹാരത്തിനെന്ന പേരിൽ സംഘടിപ്പിച്ച അദാലത്തുകളിൽ പങ്കെടുക്കുന്നവരോട് ബന്ധപ്പെട്ട ഓഫിസുകളിൽ നേരിട്ട് ഹാജരാകണം എന്ന മറുപടിയല്ലാതെ പരിഹാരം ഉണ്ടാകുന്നില്ലെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.