കൊച്ചി: പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൺ മാവുങ്കലിന്റെ ഫേസ്ബുക്ക്, യു ട്യൂബ് അക്കൗണ്ടുകളിൽ അപ്‌ലോഡ് ചെയ്ത വീഡിയോകളും ചിത്രങ്ങളും ശേഖരിച്ച് ക്രൈംബ്രാഞ്ച്. പ്രമുഖരോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും സാമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചാണ് തട്ടിപ്പിൽ വീഴ്ത്തിയിരുന്നതെന്ന പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

മോൻസൺ പിടിയിലായതിന് പിന്നാലെ ഫേസ്ബുക്ക് അക്കൗണ്ടിൽനിന്ന് പല പോസ്റ്റുകളും നീക്കിയിരുന്നു. ഇത് തിരിച്ചെടുക്കാനുള്ള ശ്രമവും തുടങ്ങി.

2016 മുതലുള്ള സന്ദേശങ്ങൾ ശേഖരി​ക്കുന്നുണ്ട്. ഇയാളുടെ വീട്ടിലെ നിത്യസന്ദർശകരെക്കുറിച്ചും ബന്ധം പുലർത്തിയവരെക്കുറി​ച്ചുമുള്ള വിവരങ്ങൾക്കായി വീട്ടിലെ നിരീക്ഷണകാമറകളും ഫോൺരേഖകളും പരിശോധിച്ചുവരികയാണ്.

പത്ത് കോടിവാങ്ങി തട്ടിച്ചുവെന്ന ആറുപേരുടെ പരാതി ഉൾപ്പെടെ അഞ്ച് കേസുകളാണ് മോൻസണെതിരെ ഉള്ളത്. പത്ത് കോടിയുടെ കേസി​ൽ നാല് കോടിയുടെ കരാറും പരാതിക്കാർ കൈമാറിയ ചില വീഡി​യോ, ഓഡി​യോ ക്ലിപ്പിംഗുകളും മാത്രമാണ് ഇതുവരെ കിട്ടിയ തെളിവ്‌.

നടൻ ശ്രീനിവാസന് വക്കീൽ നോട്ടീസ്

മോൻസൺ മാവുങ്കലിനെതിരെ ആദ്യം പരാതി നൽകിയവരെ തട്ടിപ്പുകാരെന്ന് ആരോപിച്ച നടൻ ശ്രീനിവാസന് വക്കീൽ നോട്ടീസ്. വടക്കാഞ്ചേരി സ്വദേശിയും പരാതിക്കാരനുമായ അനൂപ് വി. മുഹമ്മദാണ് ഒന്നരക്കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. ചാനൽ അഭിമുഖത്തിൽ, മോൻസണ് പണം നൽകിയവർ തട്ടിപ്പുകാരാണെന്നും അത്യാർത്തികൊണ്ടാണ് പണം നൽകിയതെന്നുമായിരുന്നു ശ്രീനിവാസന്റെ ആരോപണം.

10 കോടി രൂപ നൽകിയെന്ന് പറയുന്ന പരാതിയാണ് ആദ്യം വരുന്നത്. അതിൽ രണ്ടുപേരെ എനിക്കറിയാം. അവർ തരക്കേടില്ലാത്ത ഫ്രോഡുകളാണ്, അവരിൽ ഒരാൾ സ്വന്തം അമ്മാവനെ കോടികൾ പറ്റിച്ച ആളാണെന്നുമാണ് ശ്രീനിവാസൻ തുറന്നടിച്ചത്. ശ്രീനിവാസൻ ടിപ്പുസുൽത്താന്റെ സിംഹാസനത്തിലിരിക്കുന്ന ചിത്രം പുറത്തുവന്നതിന് പിന്നാലെയായിരുന്നു പ്രതികരണം.

വന്നത് ചികിത്സയ്ക്ക്,

വീട്ടിൽ താമസിച്ചില്ല

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ തന്റെയടുത്തുവന്നത് ചികിത്സയ്ക്കായിരുന്നെന്നും വീട്ടിൽ താമസിച്ചിട്ടില്ലെന്നും മോൻസന്റെ മൊഴി. ആറുദിവസം സുധാകരൻ വന്നുപോകുകയായിരുന്നെന്ന് ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ മോൻസൺ വ്യക്തമാക്കി. മോൻസന്റെ അടുത്തുപോയത് ചികിത്സയ്ക്കാണെന്ന് കെ. സുധാകരനും നേരത്തെ പറഞ്ഞിരുന്നു.