കൊച്ചി: ചെങ്ങന്നൂർ ചെറിയനാട് റേഷൻ ഗോഡൗണിൽ നിന്നുള്ള ചരക്കുനീക്കത്തിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ചെങ്ങന്നൂർ താലൂക്കിലെ 128 റേഷൻ കടകളിലേക്ക് ചെറിയനാടുള്ള ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ ഗോഡൗണിൽനിന്ന് സാധനങ്ങളെത്തിക്കാൻ കരാറെടുത്ത ആലപ്പുഴ ചേപ്പാട് സ്വദേശി റെജി വർഗീസ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. ഹർജി സർക്കാരിന്റെ വിശദീകരണത്തിനായി പിന്നീട് പരിഗണിക്കാൻ മാറ്റി. തൊഴിൽ തർക്കത്തെത്തുടർന്ന് ചരക്കുനീക്കം തടസപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. ഇവിടെ ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഹർജിക്കാരനും ജീവനക്കാർക്കും തൊഴിൽ ചെയ്യാൻ സംരക്ഷണം നൽകണമെന്നും ഉത്തരവിൽ പറയുന്നു.