നെടുമ്പാശേരി: ചൊവ്വര, കൊരട്ടി റെയിൽവേ സ്റ്റേഷനുകളിൽ പാസഞ്ചർ, മെമു ട്രെയിനുകളുടെ നിർത്തലാക്കിയ സ്റ്റോപ്പുകൾ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബെന്നി ബെഹനാൻ എം.പി ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കും ഡിവിഷണൽ മാനേജർക്കും കത്തയച്ചു.

ചൊവ്വര, കൊരട്ടി അങ്ങാടി റെയിൽവേ സ്റ്റേഷനുകളിൽ ലോക്ക് ഡൗണിന് മുമ്പ് പാസഞ്ചർ, മെമു ട്രെയിനുകൾക്കുണ്ടായിരുന്ന സ്റ്റോപ്പുകളാണ് ഇപ്പോൾ നിർത്തലാക്കിയിട്ടുള്ളത്. ലോക്ക് ഡൗണിന് ശേഷം എക്‌സ്പ്രസ്സ് ട്രെയിനുകളായി സർവീസ് ആരംഭിച്ച ഗുരുവായൂർ - പുനലൂർ, ഗുരുവായൂർ - എറണാകുളം, നിലമ്പൂർ റോഡ് - കോട്ടയം പാസഞ്ചർ ട്രെയിനുകളുടെയും ഷൊർണൂർ - എറണാകുളം മെമു ട്രെയിനിന്റെയും കൊരട്ടി, ചൊവ്വര സ്റ്റേഷനുകളിലെ സ്റ്റോപ്പുകളാണ് നിർത്തലാക്കിയത്. പാസഞ്ചർ ട്രെയിനുകൾക്ക് നേരത്തെ സ്റ്റോപ്പുണ്ടായിരുന്ന കൊരട്ടി, ചൊവ്വര ഒഴികെയുള്ള സ്റ്റേഷനുകളിൽ സ്റ്റോപ്പ് തുടർന്നും അനുവദിച്ചിട്ടുണ്ട്.

ദക്ഷിണ റെയിൽവേ ജനറൽ മാനേജരെയും ഡിവിഷണൽ മാനേജരെയും ഫോണിൽ ബന്ധപ്പെട്ട് നിർത്തലാക്കിയ സ്റ്റോപ്പുകൾ അടിയന്തിരമായി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടതിനെ തുടർന്ന് പുന:സ്ഥാപിക്കുവാൻ നടപടിയെടുക്കുമെന്ന് ഉറപ്പ് ലഭിച്ചതായി എം.പി അറിയിച്ചു.