കൊച്ചി: കാക്കനാട് ലഹരിക്കേസിൽ പ്രതികൾക്ക് മയക്കുമരുന്ന് കൈമാറിയ ട്രിപ്ലിക്കൻസ് സംഘത്തിനായി അന്വേഷണം ഊർജിതമാക്കുന്നു. ഇതുവരെയുള്ള അന്വേഷണത്തിൽ മയക്കുമരുന്ന് കടത്തുകാരും വില്പനക്കാരുമായുള്ള പ്രധാന പ്രതികളെ എല്ലാം അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണിത്. മയക്കുമരുന്ന് വന്നതു ട്രിപ്ലിക്കൻസിൽ നിന്നാണെന്ന് മാത്രമാണ് മൊഴി. ഇവടെയുള്ളവരെ കണ്ടെത്താനായെങ്കിലും അറസ്റ്റ് ചെയ്യാനായിട്ടില്ല. തിങ്കളാഴ്ചയോടെ പ്രതികളുടെ സാമ്പത്തിക വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള പരിശോധനയും ചോദ്യം ചെയ്യലും പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ ടി.എം. കാസിം പറഞ്ഞു. അതേസമയം പിടികൂടിയത് എം.ഡി.എം.എ അല്ലെന്നുള്ള കെമിക്കൽ പരിശോധന റിപ്പോർട്ട് എക്‌സൈസ് ക്രൈംബ്രാഞ്ചിന് ലഭിച്ചു. എം.ഡി.എം.എയോട് സാദൃശ്യമുള്ള മാരക മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന മെത്താംഫിറ്റമിനാണ് പിടികൂടിയത് എന്നാണ് കണ്ടെത്തൽ. പ്രതികളുടെ മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ റിപ്പോർട്ടും വൈകാതെ ലഭിക്കും.