കൊച്ചി: നഗരത്തിലെ സീനത്തോട് നവീകരണത്തിന്റെ ഭാഗമായി കാന നിർമ്മിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടറും കൊച്ചി നഗരസഭയും അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ഒക്ടോബർ ആറിന് ഉണ്ടായ അപകടത്തിൽ ആന്ധ്ര ചിറ്റൂർ സ്വദേശി ധനപാൽ നായിക്കാണ് മരിച്ചത്. അപകടത്തിൽ ആന്ധ്ര സ്വദേശികളായ ബംഗാരുസ്വാമി നായിക്ക്, ശിവാജി നായിക്ക് എന്നിവർക്ക് പരിക്കേറ്റിരുന്നു. ഇവർക്ക് ഏറ്റവും ഫലപ്രദമായ ചികിത്സതന്നെ ഉറപ്പുവരുത്തണമെന്നും മരിച്ച ധനപാലിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണെമന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഒാപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാഗമായുള്ള നവീകരണ പ്രവർത്തനങ്ങൾക്കിടെയാണ് അപകടമുണ്ടായത്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികൃതർ കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും സിംഗിൾബെഞ്ച് പറഞ്ഞു.
പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്ന് കേരള ലീഗൽ സർവീസ് അതോറിറ്റി വിശദീകരിച്ചു. ഒരാളെ ജില്ലാ ആശുപത്രിയിലും മറ്റൊരാളെ ഗവ. മെഡിക്കൽ കോളേജിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഹർജി 20ന് വീണ്ടും പരിഗണിക്കും.