കൊച്ചി: തൃക്കാക്കരയിൽ ഫ്ളാറ്റ് വാടകയ്‌ക്കെടുത്ത് മയക്കുമരുന്ന് വില്പന നടത്തിയ കേസിൽ അറസ്റ്റിലായ മുഖ്യപ്രതി കൊല്ലം ആയത്തിൽ ആമിനാ മൻസിലിൽ ജിഹാദ് ആളുകളുമായി ലഹരിഇടപാട് നടത്തിയിരുന്നത് ഐ.ടി കമ്പനി ഉടമയെന്ന് വിശ്വസിപ്പിച്ചെന്ന് പൊലീസ്. കരുനാഗപ്പള്ളി സ്‌റ്റേഷനിൽ ലഹരിക്കേസിൽ അറസ്റ്റിലായ പ്രതികൾക്ക് മയക്കുമരുന്ന് നൽകിയിരുന്നത് ജിഹാദായിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം.

പൊലീസ് പറയുന്നത്: ഐ.ടി.കമ്പനി ഉടമയെന്ന് ലേബലിൽ നിരവധിപ്പേരുമായി സൗഹൃദം സ്ഥാപിക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് ഇടപാടുകാരെ ഫ്ളാറ്റിൽ വിളിച്ചുവരുത്തി മയക്കുമരുന്ന് നൽകും. പിന്നീട് ഇതുവില്പനയാക്കുകയാണ് രീതി. മറ്റു പല ജില്ലകളിലും വാടകവീടുകളും ഫ്ളാറ്റുകളും ജിഹാദിനുണ്ട്. നാലുമാസംമുമ്പ് 20,000 രൂപയ്ക്കാണ് കാക്കനാട്ടെ ഫ്ളാറ്റ് വാടകയ്ക്കെടുത്തത്. ഫ്ലാറ്റിൽ നടന്നിരുന്ന ലഹരി പാർട്ടിയിൽ പങ്കെടുക്കാൻ വമ്പൻമാർ എത്തിയിരുന്നതായാണ് സൂചന. പതിവായി ആഡംബരകാറുകളും ന്യൂജെനറേഷൻ ബൈക്കുകളും രാത്രികാലങ്ങളിൽ ഇവിടെ വന്നുപോകാറുണ്ടായിരുന്നതായി സമീപവാസികളിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്.

ജിഹാദിനെ കൂടാതെ കൊല്ലം വെള്ളിമൺ ഇടവെട്ടം ശൈവത്തിൽ അനില (29), നോർത്ത് പറവൂർ പെരുമ്പടന്ന സ്വദേശി എർലിൻ (25) , നോർത്ത് പറവൂർ പെരുമ്പടന്ന തൈക്കൂട്ടത്തിൽ രേവതിയിൽ രമ്യ (23), കരുമാലൂർ കലൂരി അർജിത്ത് (24), ഗുരുവായൂർ തൈക്കാട് മൂക്കത്തേയിൽ അജ്മൽ (24), നോർത്ത് പറവൂർ ചിറ്റാറ്റുകര മൂലൻ അരുൺ (24) എന്നിവരാണ് തൃക്കാക്കര പോലീസും കൊച്ചി സിറ്റി ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയപരിശോധനയിൽ കഴിഞ്ഞ ദിവസം പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 2.5 ഗ്രാം എം.ഡി.എം.എയും എൽ.എസ്.ഡി സ്റ്റാമ്പും ഹാഷ് ഓയിലും ഹാഷിഷും പൊലീസ് പിടിച്ചെടുത്തു. പ്രതികൾ ഇപ്പോൾ റിമാൻഡിലാണ്.