കൊച്ചി: സംസ്ഥാന സീനിയർ ഫുട്‌ബാൾ ചാമ്പ്യൻഷിപ്പ് കിരീടത്തിൽ മുത്തമിട്ട് കോഴിക്കോട്. മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്ന കലാശക്കളിയിൽ നിലവിലെ ചാമ്പ്യൻമാരായ തൃശൂരിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് കോഴിക്കോട് ചാമ്പ്യൻമാരായത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾവീതം നേടി. മൂന്നാംമിനിറ്റിൽ കോഴിക്കോട് കളിയിൽ മുന്നിലെത്തി. മുഹമ്മദ് സനീഷായിരുന്നു ഗോൾ സ്കോറർ. പൊരുതിക്കളിച്ച തൃശൂർ 34ാം മിനിറ്റിൽ മുഹമ്മദ് ഷാഫിയിലൂടെ കോഴിക്കോടിനെ ഒപ്പംപിടിച്ചു. രണ്ടാം പകുതിയിൽ ഇരുടീമുകളും വിജയഗോളിനായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി.

സെമിഫൈനലിലെ വിജയഗോൾ നേടിയ സുഹൈൽ എം.എ, അബ്ദുൽ സമീഹ്, അഭിജിത്.പി എന്നിവർ കോഴിക്കോടിനായി എതിർവല കുലുക്കി. തൃശൂർ ടീമിൽ കെ.എം. റിജാസിന് മാത്രമാണ് ലക്ഷ്യം കാണാനായത്. ക്വാർട്ടറിൽ എറണാകുളത്തെയും സെമിയിൽ മലപ്പുറത്തെയും തോൽപ്പിച്ചാണ് കോഴിക്കോട് ഫൈനലിലെത്തിയത്. ജിയാദ് ഹസനാണ് കോഴിക്കോടിനെ നയിച്ചത്. വാഹിദ് സാലി ആയിരുന്നു പരിശീലകൻ. ലൂസേഴ്‌സ് ഫൈനലിൽ മലപ്പുറം കണ്ണൂരിനെ തോൽപ്പിച്ചു. 69ാം മിനിറ്റിൽ നന്ദുകൃഷ്ണയാണ് മലപ്പുറത്തിന്റെ വിജയഗോൾ നേടിയത്.