നെടുമ്പാശേരി: തൊഴിലുറപ്പ് തൊഴിലാളികൾ നെടുമ്പാശേരി പഞ്ചായത്ത് ഓഫീസ് കവാടത്തിന് മുമ്പിൽ 36 ദിവസമായി തുടരുന്ന സമരം ഒത്തുതീർപ്പാക്കാത്തതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് പഞ്ചായത്ത് ഭരണസമിതി യോഗം ബഹിഷ്‌കരിച്ചു. രാഷ്ട്രീയവിരോധം തീർക്കാൻ തൊഴിലുറപ്പ് തൊഴിലാളികളോട് പകപോക്കൽ നയമാണ് ഭരണപക്ഷം സ്വീകരിക്കുന്നതെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് എ.വി. സുനിൽ പറഞ്ഞു.
14 തൊഴിലാളികൾ ജോലിചെയ്യുന്ന വാർഡിൽ നിന്നും 56 തൊഴിലാളികൾ ജോലി ചെയ്യുന്ന വാർഡിലേയ്ക്ക് നാല് തൊഴിലാളികളെ മാറ്റിയത് രാഷ്ട്രീയ വിരോധം തീർക്കാനാണ്. 60 വയസ്സ് പിന്നിട്ട നാല് തൊഴിലാളികൾ ഒരു മാസത്തിലധികമായി പഞ്ചായത്ത് കവാടത്തിൽ നടത്തുന്ന സമരം ഒത്തുതീർപ്പാക്കുന്നതിനു പകരം ക്രമവിരുദ്ധമായി തൊഴിലാളികളുടെ ഹിതപരിശോധന നടത്തി രാഷ്ട്രീയ പകപോക്കൽ നടപടി തുടരാൻ കൃത്രിമമായി റിപ്പോർട്ട് തയ്യാറാക്കിയ പഞ്ചായത്ത് ഭരണസമിതിക്കെതിരെ നിസഹകരണ സമരവുമായി മുന്നോട്ടുപോകും. പാർലമെന്ററി പാർട്ടി സെക്രട്ടറി പി.ഡി. തോമസ്, അംഗങ്ങളായ അംബിക പ്രകാശൻ, അജിത അജയൻ, വനജ സന്തോഷ്, ജൂബി ബൈജു, കെ.കെ. അബി, ശോഭ ഭരതൻ, ബിന്ദു സാബു എന്നിവർ സംസാരിച്ചു.