തൃക്കാക്കര: പടമുകൾ സ്കൂളിന്റെ അടുക്കളയുടെയും ഭക്ഷണശാലയുടെയും നിർമ്മാണോദ്ഘാടന ചടങ്ങിൽനിന്ന് ചെയർപേഴ്സൻ അടക്കമുള്ളവർ വിട്ടുനിന്നത് വിവാദമായി. ഇന്നലെ രാവിലെ പതിനൊന്ന് മണിക്കായിരുന്നു ചടങ്ങ്. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ചടങ്ങ് സംഘടിപ്പിച്ചത്. കൗൺസിലിൽ തീയതി തീരുമാനിക്കാതെയും നോട്ടീസടിക്കാതെയും പ്രതിപക്ഷത്തെയും ഒരുവിഭാഗം യു.ഡി.എഫ് കൗൺസിലർമാരെയും അറിയിക്കാതെയുമായിരുന്നു ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചതെന്നാണ് പരാതി. ചെയർപേഴ്സൻ അജിത തങ്കപ്പൻ നഗരസഭയിൽ ഉണ്ടായിരുന്നെങ്കിലും പരിപാടിയിൽനിന്ന് വിട്ടുനിന്നു. വൈസ്ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്മിത സണ്ണി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റാഷിദ് ഉള്ളംപള്ളി എന്നിവരും ഭരണപക്ഷത്തെ ഭൂരിഭാഗം കൗൺസിലർമാരും വിട്ടുനിന്നു. ചെയർപേഴ്സൻ ഉദ്ഘാടനം ചെയ്യേണ്ട പരിപാടി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നൗഷാദ് പല്ലച്ചിയാണ് ഉദ്ഘാടനം ചെയ്തത്.
കഴിഞ്ഞ ദിവസം തൃക്കാക്കരയിൽ ലാപ്ടോപ്പ്, കട്ടിൽ വിതരണോദ്ഘാടന ചടങ്ങ് പ്രതിപക്ഷ കൗൺസിലർമാരെ അറിയിക്കാത്തതിനെ നടത്തിയത് വിവാദമായിരുന്നു.