പിറവം: കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ വെട്ടിക്കൊന്നു. മുളക്കുളം വടക്കേക്കര കോച്ചേരിത്താഴം കുന്നുംപുറത്ത് വീട്ടിൽ ബാഹുലേയനാണ് (ബാബു 60) ഭാര്യ ശാന്തയെ (55) കൊലപ്പെടുത്തിയത്. കഴുത്തിൽ മൂന്നു വെട്ടേറ്റിട്ടുണ്ട്. വ്യാഴാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. പൊലീസെത്തുമ്പോൾ കിടക്കയിൽ രക്തംവാർന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ബാബുവിനെ പൊലീസ് അറസ്റ്റുചെയ്തു. മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സംഭവം നടക്കുമ്പോൾ ബാബുവിന്റെ അമ്മയും നാട്ടിലുള്ള മകനും മുകളിലത്തെ നിലയിലായിരുന്നു. ഇവർ സംഭവം അറിഞ്ഞില്ല. കൊലപാതകത്തിനുശേഷം അടുത്ത വീട്ടിലെത്തിയ ബാബു ഭാര്യയെ വെട്ടിക്കൊന്നുവെന്ന് അറിയിക്കുകയായിരുന്നു. അയൽവാസിയാണ് മകനെ വിവരമറിയിച്ചത്. പൊലീസിന് ഫോൺനമ്പർ കൊടുക്കാനും താൻ ഇവിടെത്തന്നെ കാണുമെന്നും പറഞ്ഞശേഷം സ്‌കൂട്ടറിൽ പുറത്തേക്ക് പോയി. പൊലീസെത്തി വിളിച്ചപ്പോൾ തിരിച്ചെത്തി കീഴടങ്ങുകയായിരുന്നു. കൊലപാതകത്തിനുപയോഗിച്ച വാക്കത്തിയും ഇയാൾ പൊലീസിന് കൈമാറി.
എല്ലാവരുമായും വഴക്കുണ്ടാക്കുന്ന സ്വഭാവക്കാരനായിരുന്ന ബാബു പലതവണ മാനസികവിഭ്രാന്തി കാണിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ചെത്തുതൊഴിലാളിയായിരുന്നു. മക്കൾ: ബ്രിജിൻ, ബ്രിജീഷ് (ഇരുവരും ദുബായ്), ബ്രിജിത്ത് (കെ.ആർ.എൽ). മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജലേക്ക് മാറ്റി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.