കൊച്ചി: ലഹരിവേട്ട വ്യാപകമായതോടെ അന്വേഷണ ഉദ്യോഗസ്ഥരുടെ സുരക്ഷ വർദ്ധിപ്പിച്ച് കൊച്ചി സിറ്റി പൊലീസ്. ലഹരിക്കേസുകൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ പേര് പുറത്തുവിടരുതെന്നാണ് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഐശ്വര്യ ഡോംഗ്‌റെയുടെ കർശന നിർദേശം. അന്വേഷണ ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങൾക്ക് വിവരങ്ങൾ കൈമാറുന്നതും വിലക്കിയിട്ടുണ്ട്. ഇത്തരം വിവരങ്ങൾ ഡി.സി.പിയുടെ ഓഫീസ് വഴി മാത്രം നൽകിയാൽ മതിയെന്നാണ് നിർദേശം.
അടുത്തിടെ എം.ഡി.എം.എ ഉൾപ്പെടെ വൻതോതിൽ ലഹരിമരുന്നാണ് കൊച്ചിയിൽ പിടികൂടിയിട്ടുള്ളത്. പലതിലും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. വൻമാഫിയ തന്നെയാണ് ഈ സംഘങ്ങൾക്ക് പിറകിൽ പ്രവർത്തിക്കുന്നത്.