കൊച്ചി: ലോട്ടറി തൊഴിലാളികൾക്ക് മുടങ്ങിയ ഓണം ഉത്സവബത്ത ഈ മാസംതന്നെ വിതരണം ചെയ്യും. സംസ്ഥാന ഭാഗക്കുറി ഡയറക്ടർ ഡോ. അദീല അബ്ദുള്ളയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന ട്രേഡ് യൂണിയൻ നേതാക്കളുടെയും ഏജന്റുമാരുടെ സംഘടനാ പ്രതിനിധികളുടെയും യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ലോട്ടറി തൊഴിലാളി ക്ഷേമനിധി കണക്കിലെ പിഴവുമൂലമാണ് 12,556 തൊഴിലാളികൾക്ക് ഓണം ആനുകൂല്യത്തിന്റെ രണ്ടാംഗഡു ലഭിക്കാതെ പോയത്.

ജൂൺ 28ന് ഇറങ്ങിയ ഉത്തരവിൽ 55,000 സജീവ അംഗങ്ങൾക്ക് 6000 രൂപ വീതം ഓണം ആനുകൂല്യം നൽകുമെന്ന് പറഞ്ഞിരുന്നു. ആഗസ്റ്റ് 17ന് 3000രൂപ വീതം അഡ്വാൻസ് നൽകി. രണ്ടാഴ്ചയ്ക്കുശേഷം ഇറങ്ങിയ രണ്ടാംഗഡു ഉത്തരവിൽ 42,444 സജീവ അംഗങ്ങൾക്ക് അനുകൂല്യം നൽകുമെന്നാണ് പറഞ്ഞിരുന്നത്. ഇതോടെ 12,556 പേർക്ക് രണ്ടാം ഗഡു കിട്ടിയില്ല. പ്രതിഷേധമുയർന്നപ്പോൾ സെപ്തംബർ ആദ്യവാരം നൽകുമെന്ന് ബോർഡ് അറിയിച്ചെങ്കിലും ലഭിച്ചില്ല.

ലോട്ടറി മേഖലയിലെ വ്യാപകമായ തട്ടിപ്പുകൾ നേരിടാൻ ശക്തമായ അന്വേഷണം നടത്താനും യോഗത്തിൽ തീരുമാനമായി. എഴുത്ത് ലോട്ടറി, ഓൺലൈൻ ലോട്ടറി വ്യാപാരം എന്നിവയ്‌ക്കെതിരെ അന്വേഷണം നടത്തി സർക്കാരിനും പൊലീസിനും റിപ്പോർട്ട് നൽകും.


ബത്ത രണ്ടാഴ്ചയ്ക്കുള്ളിൽ നൽകും

ലോട്ടറി ക്ഷേമനിധിയിൽ മുമ്പ് കുടിശികവന്ന് പുതുക്കിയവർക്കാണ് ക്ഷേമനിധി ആനുകൂല്യം നഷ്ടപ്പെട്ടത്. മുടങ്ങിയവർക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ ആനുകൂല്യം നൽകും.

പി.ആർ. ജയപ്രകാശ്,

ചെയർമാൻ, ലോട്ടറി ക്ഷേമനിധി ബോർഡ്


തീരുമാനം സ്വാഗതം ചെയ്യുന്നു

വൈകിയാണെങ്കിലും ഡയറക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലെടുത്ത അനുകൂല നിലപാടിനെ സ്വാഗതം ചെയ്യുന്നു.

ലജീവ് വിജയൻ,

ലോട്ടറി ഏജൻസ് ആൻഡ് സെല്ലേഴ്‌സ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി)


ഞായർ ലോട്ടറി ജനുവരി മുതൽ

കൊച്ചി: ഇനി മുതൽ ഞായറാഴ്ചകളിലും കേരള ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കും. ഇന്നലെ ചേർന്ന ഭാഗ്യക്കുറി ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം. 2022 ജനുവരി മുതലാണ് ഞായർ ലോട്ടറി. പൗർണമി ഭാഗ്യക്കുറിയാണ് നറുക്കെടുക്കുക. 40 രൂപ ടിക്കറ്റിന്റെ ഒന്നാംസമ്മാനം 80ലക്ഷം രൂപയാണ്.

ഇപ്പോൾ ഞായറാഴ്ചകളിൽ നറുക്കെടുപ്പ് നടത്തുന്നത് മാറ്റിവയ്ക്കുന്ന ലോട്ടറികളാണ്. ഞായറാഴ്ച ഭാഗ്യക്കുറി വില്പനയ്‌ക്കെതിരെ ഒരുവിഭാഗം ട്രേഡ് യൂണിയൻ നേതാക്കൾ രംഗത്തെത്തി. തൊഴിലാളികളുടെ ജോലിഭാരം വർദ്ധിക്കുന്നതിനാലാണ് എതിർപ്പ്.